തിരുവനന്തപുരം - ജലജ് സക്‌സേനയുടെ അവിസ്മരണീയ ഓള്‍റൗണ്ട് പ്രകടനത്തിന്റെ കരുത്തില്‍ കേരളത്തിന് ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ ആദ്യ വിജയം. തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗാളിനെ കേരളം 108 റണ്‍സിന് തോല്‍പിച്ചു. 448 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ 339 ന് ഓളൗട്ടായി. ജലജ് നാലു വിക്കറ്റെടുത്തു. ബംഗാള്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി.
ദീര്‍ഘകാലത്തിനു ശേഷം ബംഗാള്‍ ടീമില്‍ തിരിച്ചെത്തിയ ശഹ്ബാസ് അഹമദ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും പൊരുതിയെങ്കിലും കേരളത്തിന്റെ വിജയം തടുക്കാനായില്ല. ഓപണര്‍ അഭിമന്യു ഈശ്വരന്‍ രണ്ട് ഇന്നിംഗ്‌സിലും അര്‍ധ ശതകം നേടി. എന്നാല്‍ ജലജ് ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പതും രണ്ടാം ഇന്നിംഗ്‌സില്‍ നാലും വിക്കറ്റെടുത്ത് കേരളത്തെ വിജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം സചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളോടെ 363 റണ്‍സെടുത്തു. എന്നാല്‍ ജലജിനു മുന്നില്‍ 180 റണ്‍സിന് ബംഗാള്‍ കറങ്ങിവീണു. രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 265 ല്‍ കേരളം ഡിക്ലയര്‍ ചെയ്തു. രണ്ടിന് 77 ല്‍ അവസാന ദിവസം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗാളിന് വേണ്ടി അഭിമന്യു (65) ഒഴികെ മുന്‍നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ശഹ്ബാസും (80) കരണ്‍ലാലും (40) ചെറുത്തുനിന്നെങ്കിലും 339 ന് ബംഗാള്‍ ഓളൗട്ടായി. ശ്രേയസ് ഗോപാലിനും ബെയ്‌സില്‍ തമ്പിക്കും രണ്ടു വീതം വിക്കറ്റ് ലഭിച്ചു.
ആറ് കളിയില്‍ 14 പോയന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത അവശേഷിക്കുന്നു. അവസാന ലീഗ് മത്സരം ആന്ധ്രക്കെതിരെയാണ്.