രാജ്‌കോട് ടെസ്റ്റില്‍ രാഹുല്‍ ഇല്ല, പകരം മലയാളി ബാറ്റര്‍

രാജ്‌കോട്  - ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് കെ.എല്‍ രാഹുല്‍ ഫിറ്റ്‌നസ് നേടില്ലെന്ന് സംശയം. ഫിറ്റ്‌നസ് തെളിയിക്കണമെന്ന നിബന്ധനയോടെ രാഹുലിനെ അവസാന മൂന്നു ടെസ്റ്റുകള്‍ക്കുള്ള പതിനേഴംഗ ടീമില്‍ ഉള്‍പെടുത്തിയിരുന്നു. റിസര്‍വായി കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവദത്ത് പടിക്കലിനെ പരിഗണിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിലും രാഹുല്‍ കളിച്ചിരുന്നില്ല. പകരം രജത് പട്ടിധാറാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. സര്‍ഫറാസ് ഖാനും അവസരം കാത്തുനില്‍ക്കുന്നുണ്ട്. 
രാഹുലിനൊപ്പം രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന രവീന്ദ്ര ജദേജ ഫിറ്റ്‌നസ് തെളിയിച്ചു. വിരാട് കോലിയും ശ്രേയസ് അയ്യരും അവശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ കളിക്കുന്നില്ല. ചേതേശ്വര്‍ പൂജാര ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോമിലാണെങ്കിലും തിരിച്ചുവിളിക്കേണ്ടെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ദേവദത്ത് നാല് രഞ്ജി ട്രോഫി മത്സരങ്ങളില്‍ 555 റണ്‍സടിച്ച് മിന്നുന്ന ഫോമിലാണ്. മൂന്ന് സെഞ്ചുറികളുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരത്തിലും സെഞ്ചുറി സ്വന്തമാക്കി.
ടെസ്റ്റ് ടീമിലേക്ക് ആദ്യമായാണ് ദേവദത്ത് പരിഗണിക്കപ്പെടുന്നത്. 2021 ജൂലൈയില്‍ ശ്രീലങ്കക്കെതിരെ രണ്ട് ട്വന്റി20യില്‍ ഇടങ്കൈയന്‍ ഇന്ത്യന്‍ കുപ്പായമിട്ടിരുന്നു.
 

Latest News