ചെന്നൈ - നിശ്ചിത ഓവര്‍ ക്രിക്കറ്റ് കരിയറിലുടനീളം മഹേന്ദ്ര സിംഗ് ധോണി അണിഞ്ഞത് ഏഴാം നമ്പര്‍ ജഴ്‌സിയാണ്. മറ്റു പലരും ജഴ്‌സി നമ്പര്‍ മാറ്റിയിരുന്നു. ഉദാഹരണത്തിന് ക്രിസ് ഗയ്ല്‍ അവസാന കാലത്ത് 333 എന്ന നമ്പറാണ് അണിഞ്ഞത്. ഗയ്ല്‍ ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റായ 333 റണ്‍സ് നേടിയ ശേഷമായിരുന്നു ഇത്. അതുപോലെ മുത്തയ്യ മുരളീധരന്‍ തന്റെ എണ്ണൂറാം ടെസ്റ്റ് വിക്കറ്റെടുത്ത ശേഷം 800 എന്ന നമ്പര്‍ ജഴ്‌സി ധരിച്ചു.
എന്നാല്‍ ധോണി ഏഴില്‍ ഉറച്ചു നിന്നു. അതിന് കാരണമെന്താണ്? താന്‍ ഭൂമിയിലേക്ക് വന്ന ദിവസത്തെ അനുസ്മരിച്ചാണ് ഈ ജഴ്‌സി നമ്പറെന്ന് ധോണി വെളിപ്പെടുത്തി. ജൂലൈ ഏഴിനാണ് ധോണി ജനിച്ചത്, 1981 ല്‍. 81 ലെ ആദ്യ അക്കമായ എട്ടില്‍ നിന്ന രണ്ടാമത്തെ അക്കമായ ഒന്ന് കിഴിച്ചാലും ഏഴാണല്ലോ?
ഇനിയൊരു ഇന്ത്യന്‍ കളിക്കാരനും ഏഴാം നമ്പര്‍ ജഴ്‌സി ലഭിക്കില്ല. ധോണി വിരമിച്ച ശേഷം ആ നമ്പര്‍ ബി.സി.സി.ഐ ആര്‍ക്കും നല്‍കാറില്ല.