കരാക്കാസ് - ടോക്കിയൊ ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ സ്വര്‍ണം നേടിയ ബ്രസീല്‍ അത് നിലനിര്‍ത്താനായി പാരിസിലേക്കില്ല. ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീന ഒളിംപിക്‌സിന് യോഗ്യത നേടി. എഴുപത്തെട്ടാം മിനിറ്റില്‍ ലൂസിയാനൊ ഗോണ്ടൂ നേടിയ ഗോളില്‍ അര്‍ജന്റീന 1-0 ന് ബ്രസീലിനെ തോല്‍പിച്ചു. മുന്‍ നായകന്‍ ഹവിയര്‍ മഷെരാനോയാണ് അര്‍ജന്റീനയുടെ ഒളിംപിക് ടീമിന്റെ പരിശീലകന്‍.
വാലന്റൈന്‍ ബാര്‍ക്കൊ നല്‍കിയ ക്രോസ് ഹെഡറിലൂടെ ഗോളി മയ്‌സേലിനെ കടത്തി ഗോണ്ടൂ വലയിലെത്തിക്കുകയായിരുന്നു. ആതിഥേയരായ വെനിസ്വേലയെ തോല്‍പിച്ച് പാരഗ്വായ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ സ്ഥാനം സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയെ തളക്കുകയും ബ്രസീലിനെ തോല്‍പിക്കുകയും ചെയ്താണ് പാരഗ്വായ് ബെര്‍ത്തുറപ്പിച്ചത്. പാരഗ്വായ്ക്ക് ഏഴ് പോയന്റുണ്ട്, അര്‍ജന്റീനക്ക് അഞ്ചും. ഗ്രൂപ്പ് ഘട്ടത്തില്‍ വെനിസ്വേലയോടും തോറ്റ ബ്രസീല്‍ പുറത്തായി. നാല് ടീമുകളുള്ള അവസാന റൗണ്ട് മത്സരത്തില്‍ വെനിസ്വേല നാലാം സ്ഥാനത്തായി, ഒരു പോയന്റ്.
ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനക്കായിരുന്നു ആധിപത്യം. പതിനാറാം മിനിറ്റില്‍ ലോകകപ്പ് തിയാഗൊ അല്‍മാഡയുടെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങി. മത്സരത്തിലെ മികച്ച സെയ്‌വ് 61ാം മിനിറ്റിലായിരുന്നു. ബ്രസീലിന്റെ പകരക്കാരന്‍ ഗബ്രിയേല്‍ പെക്കിന്റെ ഷോട്ട് അര്‍ജന്റീന ഗോളി ലിയാന്ദ്രൊ േ്രബ രക്ഷപ്പെടുത്തി. ബ്രസീലിന്റെ സൂപ്പര്‍ താരം എന്‍ഡ്രിക് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മറുപടി ഗോള്‍ കണ്ടെത്താനുള്ള ആവേശമൊന്നും ടീം കാണിച്ചില്ല. റമോണ്‍ മെനനസാണ് ബ്രസീലിന്റെ പരിശീലകന്‍. നാല് ഗോളോടെ ഗോണ്ടൂ ഫൈനല്‍ റൗണ്ടിലെ ടോപ്‌സ്‌കോററായി.
ബ്രസീല്‍ അവസാനം ഒളിംപിക്‌സിന് യോഗ്യത നേടാതിരുന്നത് 2004 ലാണ്. 2004 ലെ ആതന്‍സ് ഒളിംപിക്‌സിലും 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിലും അര്‍ജന്റീനയായിരുന്നു ചാമ്പ്യന്മാര്‍. ബെയ്ജിംഗില്‍ ലിയണല്‍ മെസ്സിയായിരുന്നു നായകന്‍. 2004 ല്‍ പാരഗ്വായെയാണ് അര്‍ജന്റീന ഫൈനലില്‍ തോല്‍പിച്ചത്.