Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താരമായി താമരത്ത് ഹംസു

ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യം ഗ്രൂപ്പ് വഴി സമാഹരിച്ച അരലക്ഷം  രൂപ ഹംസു മലപ്പുറം ജില്ലാ കലക്ടർ അമിത് മീണക്ക് കൈമാറുന്നു. 

പ്രിയമുള്ളവരേ... ഞാൻ താമരത്ത് ഹംസു പെരിന്തൽമണ്ണയിൽനിന്നും.. എന്ന് തുടങ്ങുന്ന ശബ്ദ സന്ദേശം വാട്‌സ്ആപ്പ് വഴി കേൾക്കാത്ത മലപ്പുറം ജില്ലയിലെ പ്രവാസി സുഹൃത്തുക്കൾ കുറവായിരിക്കും. 
മലപ്പുറം ജില്ലയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സാമൂഹിക സേവകനാണ് താമരത്ത് ഹംസു. മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും ഉൾപ്രദേശങ്ങളിൽ വരെ നടക്കുന്ന മരണങ്ങളും അപകട വിവരങ്ങളും വാട്ടസ്ആപ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങൾ വഴി സ്വദേശത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായും സത്യസന്ധമായും എത്തിക്കുക എന്ന വേറിട്ട ജീവ കാരുണ്യദൗത്യമാണ് താമരത്ത് ഹംസു നടത്തിക്കൊണ്ടിരിക്കുന്നത്. പെരിന്തൽമണ്ണയുടെ പരിസര പ്രദേശങ്ങളിലെ മരണവാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്ന ദൗത്യം മാത്രമല്ല ജാതി മത രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ തനിക്ക് മുൻപരിചയം പോലും ഇല്ലാത്ത മരണ വീടുകൾ സന്ദർശിക്കുകയും മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും സന്തപ്ത കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യുക എന്ന കർമ്മവും ഹംസു നിർവ്വഹിക്കുന്നു.
കഴിഞ്ഞ രണ്ടര വർഷത്തിലധികമായി വേറിട്ട ഈ ജീവ കാരുണ്യപ്രവർത്തനം നടത്തുന്ന ഹംസു താൻ അംഗമായ അൻപതിലധികം വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലേക്കും അയ്യായിരം പേർ വീതമുള്ള തന്റെ രണ്ടു ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും ഫെയ്‌സ്ബുക്ക് പേജ് വഴിയും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് തന്റെ സന്ദേശങ്ങൾ എത്തിക്കുന്നത്. ഹംസുവിന്റെ സന്ദേശങ്ങളെ പ്രധാനമായും ആശ്രയിക്കുന്നത് പ്രവാസ ലോകത്തുള്ളവരാണ്. നാട്ടിൽ നടക്കുന്ന പല മരണങ്ങളും ഹംസുവിന്റെ ശബ്ദ സന്ദേശം വഴി അറിഞ്ഞ പ്രവാസികളാണ് നാട്ടിൽ അവരുടെ വീടുകളിൽ അറിയിക്കുന്നത്. 
2.11.2015 ന് പെരിന്തൽമണ്ണക്കടുത്ത കട്ടുപ്പാറയിലെ പി.ടി. ആലി മുസ്‌ലിയാരുടെ മരണ വാർത്തയാണ് ഹംസു ആദ്യമായി ഫേസ് ബുക്കിലിടുന്നത്.
മരണങ്ങളുടെയും അപകടങ്ങളുടെയും സന്ദേശങ്ങൾ നൽകുക എന്ന ദൗത്യം മാത്രമല്ല കാരുണ്യം' എന്ന തന്റെ വാട്‌സ്ആപ് കൂട്ടായ്മ വഴി പാവപ്പെട്ടവർക്ക് നിരവധി സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനും ഹംസു നേതൃത്വം നൽകുന്നു.
പെരിന്തൽമണ്ണയിലെ വിധവയായ ഉമ്മക്കും ബധിരനും മൂകനുമായ മകനും വീട് പണി പൂർത്തിയാക്കുന്നതിന് രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയും കുന്നപ്പള്ളിയിലെ കിഡ്‌നി രോഗിക്ക് അൻപതിനായിരം, കാൻസർ രോഗിയായ 16 കാരന് അഞ്ച് ലക്ഷത്തി നാൽപത്തിഏഴായിരം, അരക്ക് താഴെ തളർന്ന രോഗിക്ക് വീൽ ചെയർ, വലിയങ്ങാടി സ്വദേശിക്ക് കൃത്രിമ കാൽ വെക്കാൻ ഒരുലക്ഷത്തി അയ്യായിരം, സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് ഇരുപത്തി ഏഴായിരം, താഴെക്കോട്ടെ കഴുത്തിന് താഴെ തളർന്ന രോഗിക്ക് കട്ടിൽ, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ  തുടങ്ങി നിരവധി സാമ്പത്തിക സഹായങ്ങൾ ഈ ഗ്രൂപ്പ് വഴി നടത്തുന്നതിന് ഹംസുവിനു സാധിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള അരലക്ഷം രൂപ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടറെ നേരിട്ട് ഏൽപ്പിച്ചു. സാമ്പത്തികമോ, ഭൗതികമോ ആയ ഒരു നേട്ടവും പ്രതീക്ഷിക്കാതെ ഒരു പുണ്യപ്രവൃർത്തി എന്ന നിലയിൽ മാത്രം നടത്തുന്ന അദ്ദേഹത്തിന്റെ ഈ സേവനത്തിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ദുബായ് പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി, മലപ്പുറം കേബിൾ വിഷൻ, പെരിന്തൽമണ്ണ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്  തുടങ്ങി വിവിധ സംഘടനകളും കൂട്ടായ്മകളും, സ്ഥാപനങ്ങളും അദ്ദേഹത്തെ ആദരിച്ചു. 
പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന ഹംസു പെരിന്തൽമണ്ണ കക്കൂത്ത് വലിയങ്ങാടി സ്വദേശിയാണ്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. 
താമരത്ത് ഹംസുവുമായി ബന്ധപ്പെടാവുന്ന നമ്പർ: 00919847356547 
 

Latest News