ഇല്ല, സിറ്റിയെ അനുവദിക്കില്ല; ആറടിച്ച്  ആഴ്‌സനല്‍, ആഞ്ഞുപിടിച്ച് ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അനായാസം കിരീടം നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ലിവര്‍പൂളും ആഴ്‌സനലും. കഴിഞ്ഞ ഏതാനും സീസണുകളിലെ പോലെ അവസാന ഘട്ടമായപ്പോഴേക്കും മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ ദിവസം മുന്നില്‍ കയറിയിരുന്നു. എര്‍ലിംഗ് ഹാളന്റിന്റെ ഇരട്ട ഗോളില്‍ എവര്‍ടനെ സിറ്റി 2-0 ന് തോല്‍പിച്ചു. 71ാം മിനിറ്റ് വരെ എവര്‍ടന്‍ പിടിച്ചുനിന്നുവെങ്കിലും സിറ്റിയുടെ വെടിമരുന്ന് താങ്ങാനുള്ള ശേഷി അവര്‍ക്കുണ്ടായിരുന്നില്ല. 71, 85 മിനിറ്റുകളിലായിരുന്നു ഹാളന്റിന്റെ ഗോളുകള്‍. 
എന്നാല്‍ ബേണ്‍ലിയെ 3-1 ന് തോല്‍പിച്ച് ലിവര്‍പൂള്‍ ലീഡ് തിരിച്ചുപിടിച്ചു. മറുപടിയില്ലാത്ത ആറു ഗോളില്‍ വെസ്റ്റ്ഹാമിനെ മുക്കി ആഴ്‌സനലും നെഞ്ചുവിരിച്ചു. ലിവര്‍പൂളിന് (24 കളികളില്‍ 54 പോയന്റ്) പിന്നില്‍ സിറ്റിയും (23 കളികളില്‍ 52 പോയന്റ്) ആഴ്‌സനലും (24 കളികളില്‍ 52 പോയന്റ്) രണ്ടാം സ്ഥാനം പങ്കിടുകയാണ്. കഴിഞ്ഞ ദിവസം ലിവര്‍പൂളിനെ ആഴ്‌സനല്‍ തോല്‍പിച്ചത് ഫലത്തില്‍ സിറ്റിയെയാണ് സഹായിച്ചത്. ശനിയാഴ്ച ചെല്‍സിക്കെതിരെ സിറ്റിക്ക് പ്രയാസകരമായ മത്സരമാണ്.
 

Latest News