തിരുവനന്തപുരം - അതിഥി താരം ജലജ് സക്‌സേന കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച് ഒമ്പത് വിക്കറ്റ് കൈക്കലാക്കിയതോടെ കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ബംഗാള്‍ 180 ന് പുറത്തായി. കേരളത്തിന് 183 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു. 21.1 ഓവറില്‍ 68 റണ്‍സ് വഴങ്ങിയാണ് ജലജ് ഒമ്പത് ബംഗാള്‍ ബാറ്റര്‍മാരെ പുറത്താക്കിയത്. എം.ഡി നിധീഷ് അവശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി നേടിയ സചിന്‍ ബേബിയും (51) അക്ഷയ് ചന്ദ്രനും (36) വീണ്ടും മികച്ച പ്രകടനം നടത്തിതോടെ രണ്ടാം ഇന്നിംഗ്‌സ് ആറിന് 265 ല്‍ കേരളം ഡിക്ലയര്‍ ചെയ്തു. ഓപണര്‍ രോഹന്‍ കുന്നുമ്മലും (51) അര്‍ധ ശതകം നേടി. രോഹനും ജലജ് സക്‌സേനയും (37) ഓപണിംഗ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറയിട്ടു. സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടിന് 77 ല്‍ പരുങ്ങുകയാണ്. അസാധ്യമായ 449 റണ്‍സാണ് അവരുടെ വിജയലക്ഷ്യം. ജലജിന് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ പത്ത് വിക്കറ്റായി.
മൂന്നാം ദിനം എട്ടിന് 172 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ബംഗാളിന് എട്ട് റണ്‍സ് കൂടിയേ നേടാനായുള്ളൂ. കരണ്‍ലാലിനെയും (35) സൂരജ് സിന്ധു ജയ്‌സ്വാളിനെയും (27 പന്തില്‍ 9) തുടര്‍ച്ചയായ ഓവറുകളില്‍ ജലജ് പുറത്താക്കി.
29ാം തവണയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജലജ് അഞ്ചോ അധികമോ വിക്കറ്റെടുക്കുന്നത്.
കേരളത്തിന് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ ചിന്‍ ബേബിക്കു (124) പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ചുറി (106) തികച്ചു. കേരളത്തിന്റെ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്ത ജലജാണ് (40) ഇവരെക്കൂടാതെ പിടിച്ചുനിന്ന ഒരേയൊരു കളിക്കാരന്‍. നാലിന് 265 ല്‍ ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയര്‍ തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ 363 ന് ഓളൗട്ടായി. സ്പിന്നര്‍മാരായ ശഹ്ബാസ് അഹമ്മദും (23.3-2-73-4) അങ്കിത് മിശ്രയുമാണ് (35-5-85-3) കേരളത്തിന്റെ മുന്നേറ്റം തടഞ്ഞത്. നാലിന് 291 ലെത്തിയ ശേഷം 72 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ കേരളത്തിന് നഷ്ടപ്പെട്ടു.
പിന്നീട് അഭിമന്യു ഈശ്വരന്‍ (93 പന്തില്‍ 72) ഒരറ്റത്ത് പൊരുതിയെങ്കിലും മറുതലക്കല്‍ വിക്കറ്റുകള്‍ തുടരെ നിലംപൊത്തി. രഞ്‌ജോത് ഖൈറയെ (6) ബൗള്‍ഡാക്കി ഒമ്പതാം ഓവറില്‍ എം.ഡി നിധീഷാണ് കേരളത്തിന് ബ്രെയ്ക് ത്രൂ നല്‍കിയത്. അപ്പോഴേക്കും ബംഗാള്‍ 43 റണ്‍സെടുത്തിരുന്നു പിന്നീട് അഭിമന്യുവും സുധീപ്കുമാര്‍ ഗറമിയും (33) രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗറമിയെ പുറത്താക്കിയാണ് ജലജിന്റെ ഒറ്റയാള്‍ കുതിപ്പാരംഭിച്ചത് (20-3-67-7). അഭിമന്യുവിനും ഗറമിക്കും (33) പുറമെ കരണ്‍ ലാല്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒന്നിന് 107 ല്‍ നിന്ന് എട്ടിന് 151 ലേക്ക് ബംഗാള്‍ കൂപ്പുകുത്തി. തുടര്‍ന്ന് കരണും സൂരജ് സിന്ധു ജയ്‌സ്വാളും പൊരുതുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ നാല് ക്യാച്ചെടുത്തു.