കൊച്ചി -ഒരു ഗോള്‍ പോലുമടിക്കാതെ, ഒരു ജയം പോലും നേടാതെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് മടങ്ങിയ ഇന്ത്യന്‍ ടീമിന്റെ ഭാവിയെന്താണ്? ഐ.എസ്.എല്ലില്‍ പഞ്ചാബ് എഫ്.സിക്കെതിരായ നാളത്തെ മത്സരത്തെക്കുറിച്ച് സംസാരിക്കാന്‍ വന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകൂമനോവിച്ചിനോടാണ് ചോദ്യം.
മറ്റ് ടീമുകള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കി പഠിക്കുകയാണ് ഇന്ത്യ വേണ്ടതെന്ന് വുകൂമനോവിച് മറുപടി നല്‍കി. 1997-98 ല്‍ ഞാന്‍ ഫ്രാന്‍സിലെത്തിയപ്പോള്‍ അവിടെ ഒരു പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ടായിരുന്നു. പിന്നീട് മറ്റുള്ളവരും അത് അനുകരിച്ചു. മികച്ച യുവ കളിക്കാരുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ആ പദ്ധതി. ആദ്യം വേണ്ടത് മികച്ച ഒരു യുവ ടീമിനെ ഉണ്ടാക്കിയെടുക്കുകയാണ്. അണ്ടര്‍-17, അണ്ടര്‍-19 ലോകകപ്പുകളില്‍ ഇന്ത്യക്ക് നന്നായി പൊരുതാനാവണം. അവര്‍ സീനിയര്‍ തലത്തിലേക്ക് വളരണം. 20 വര്‍ഷം മുമ്പ് ജപ്പാനും തെക്കന്‍ കൊറിയയും ഓസ്‌ട്രേലിയയും ഖത്തറും സൗദി അറേബ്യയുമൊക്കെ ഇന്ത്യയുടെ ഇപ്പോഴത്തെ നിലവാരത്തിലായിരുന്നു. അവരെല്ലാം ക്ലബ്ബ് തലത്തില്‍ നിന്ന് കളിക്കാരെ ദേശീയതലത്തിലേക്ക് വളര്‍ത്തിയെടുത്തു. നല്ല യുവ ടീമില്ലെങ്കില്‍ സീനിയര്‍ ടീമിന്റെ ഗതി ഇതു തന്നെയായിരിക്കും. കുറച്ച് കളിക്കാരെ ഐ.എസ്.എല്ലില്‍ നിന്ന് കൊണ്ടുപോയി ടൂര്‍ണമെന്റുകളില്‍ പൊരുതാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഉസ്‌ബെക്കിസ്ഥാനും സിറിയയുമൊക്കെ ഇപ്പോള്‍ വളര്‍ന്നുവരുന്നത് ആ പദ്ധതി പിന്തുടര്‍ന്നു കൊണ്ടാണ് -വുകൂമനോവിച് പറഞ്ഞു.
വാലറ്റത്തുള്ള പഞ്ചാബ് എഫ്.സിയോടാണ് നാളെ ബ്ലാസ്‌റ്റേഴ്‌സ് പൊരുതുക. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്, പഞ്ചാബ് രണ്ട് ജയവുമായി 12 ടീമുകളില്‍ പതിമൂന്നാം സ്ഥാനത്തും. ഒരു കളിയും ജയിക്കാത്ത ഹൈദരാബാദാണ് അവസാനം.