അഡ്‌ലയ്ഡ് - ഗ്ലെന്‍ മാക്‌സ്‌വെലിന്റെ മറ്റൊരു വെടിക്കെട്ട് പ്രകടനം വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ 34 റണ്‍സ് വിജയത്തിലേക്ക് നയിച്ചു. 50 പന്തില്‍ സെഞ്ചുറി തികച്ച മാക്‌സ്‌വെല്‍ (55 പന്തില്‍ 120 നോട്ടൗട്ട്) ഓസീസിനെ നാലിന് 241 ലേക്ക് നയിച്ച ശേഷം വിന്‍ഡീസ് തുല്യനാണയത്തില്‍ മറുപടി നല്‍കിയതായിരുന്നു. എന്നാല്‍ അവരുടെ മറുപടി ഒമ്പതിന് 207 ല്‍ അവസാനിച്ചു. എട്ട് സിക്‌സറും 12 ബൗണ്ടറിയുമുണ്ട് മാക്‌സ്‌വെലിന്റെ ഇന്നിംഗ്‌സില്‍. മൂന്നു മത്സര പരമ്പരയില്‍ ഓസീസ് 2-0 ന് മുന്നിലെത്തി. മാക്‌സ്‌വെല്‍ അഞ്ചാം ട്വന്റി20 ഇന്റര്‍നാഷനല്‍ സെഞ്ചുറിയോടെ ഇന്ത്യയുടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ഓപണര്‍മാരായ ഡേവിഡ് വാണറും (19 പന്തില്‍ 22) ജോഷ് ഇന്‍ഗ്ലിസും (4) പവര്‍പ്ലേയില്‍ തന്നെ പുറത്തായ ശേഷം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (12 പന്തില്‍ 29) മാക്‌സ്‌വെലും കടിഞ്ഞാണേറ്റെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ടിം ഡേവിഡും (14 പന്തില്‍ 31 നോട്ടൗട്ട്) മാക്‌സ്‌വെലും അഴിഞ്ഞാടി. അവസാന അഞ്ചോവറില്‍ 77 റണ്‍സൊഴുകി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 25 റണ്‍സ് ഓസ്‌ട്രേലിയ നേടി.
വിന്‍ഡീസ് അതിവേഗം മറുപടി തുടങ്ങിയെങ്കിലും ഏഴോവറാവുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. എങ്കിലും പത്തോവറില്‍ 100 പിന്നിട്ട അവര്‍ക്ക് പതിനേഴാം ഓവറില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (36 പന്തില്‍ 66) പുറത്താവുന്നതു വരെ പ്രതീക്ഷയുണ്ടായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നു വിക്കറ്റെടുത്തു. അരങ്ങേറ്റത്തില്‍ സ്‌പെന്‍സര്‍ ജോണ്‍സണും (2-39) തിളങ്ങി.