രാജ്‌കോട് - ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വിടാതെ പരിക്കുകള്‍. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ സ്പിന്നര്‍ ജാക്ക് ലീച്ച് അവശേഷിച്ച മൂന്ന് ടെസ്റ്റില്‍ കളിക്കില്ല. വിശാഖപട്ടണത്ത് ഇംഗ്ലണ്ട് തോറ്റ രണ്ടാം ടെസ്റ്റിനും ലീച്ച് ഉണ്ടായിരുന്നില്ല. പരമ്പരക്ക് മുമ്പ് ഒരു ടെസ്റ്റ് മാത്രം കളിച്ച പരിചയമുള്ള ലെഗ്‌സ്പിന്നര്‍ റിഹാന്‍ അഹമ്മദാണ് ഇംഗ്ലണ്ടിന്റെ സ്പിന്നാക്രമണം നയിക്കുന്നത്. ടോം ഹാര്‍ട്‌ലി ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ ഒമ്പത് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു. രണ്ടാം ടെസ്റ്റില്‍ ഇരുപതുകാരന്‍ ശുഐബ് ബഷീര്‍ അരങ്ങേറി. പരമ്പര 1-1 സമനിലയിലാണ്.
15 ന് രാജ്‌കോടിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. 23 ന് റാഞ്ചിയിലും മാര്‍ച്ച് ഏഴിന് ധര്‍മശാലയിലുമാണ് മറ്റു ടെസ്റ്റുകള്‍. ഇംഗ്ലണ്ട് ടീം ഇപ്പോള്‍ അബുദാബിയിലാണ്. അവിടെ നിന്ന് മുപ്പത്തിരണ്ടുകാരന്‍ ലീച്ച് നാട്ടിലേക്ക് മടങ്ങും. 13 ന് മറ്റു കളിക്കാര്‍ ഇന്ത്യയിലേക്ക് തിരിക്കും.