മുംബൈ - ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാവും. ശ്രേയസിനെ പരിക്ക് കാരണമാണ് ഒഴിവാക്കിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പരിക്കല്ല, ഫോമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ പ്രസ് റിലീസ് സൂചന നല്‍കി. അവസാന 12 ഇന്നിംഗ്‌സില്‍ 4, 12, 0, 26, 31, 6, 0, 4*, 35, 13, 27, 29 എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്‌കോര്‍.
ഷോട് ബോള്‍ നേരിടുന്നതിലെ ദൗര്‍ബല്യമാണ് ശ്രേയസിനെ അവഗണിക്കാന്‍ കാരണം. ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുണ്ട്. ശുഭ്മന്‍ ഗില്‍ ഫോം തെളിയിച്ചതോടെ വിരാട് കോലി തിരിച്ചുവരുമ്പോള്‍ ശ്രേയസ് എന്തായാലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. രജത് പട്ടിധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനായിരിക്കും സെലക്ടര്‍മാര്‍ ശ്രമിക്കുക.