തിരുവനന്തപുരം - അതിഥി താരം ജലജ് സക്‌സേനക്ക് മുന്നില്‍ ബംഗാള്‍ ബാറ്റര്‍മാര്‍ കറങ്ങിവീണതോടെ രഞ്ജി ട്രോഫിയില്‍ കേരളം ഈ സീസണിലെ ആദ്യ വിജയത്തിലേക്ക്. കേരളത്തിന്റെ 363 പിന്തുടര്‍ന്ന ബംഗാള്‍ എട്ടിന് 172 ലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. ഏഴു വിക്കറ്റും ജലജാണ് സ്വന്തമാക്കിയത്. ഫോളോഓണ്‍ ഒഴിവാക്കാന്‍ ബംഗാള്‍ 42 റണ്‍സ് കൂടി നേടണം. 29ാം തവണയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജലജ് അഞ്ചോ അധികമോ വിക്കറ്റെടുക്കുന്നത്.
കേരളത്തിന് വേണ്ടി സചിന്‍ ബേബിക്കു (124) പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ചുറി (106) തികച്ചു. കേരളത്തിന്റെ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്ത ജലജാണ് (40) ഇവരെക്കൂടാതെ പിടിച്ചുനിന്ന ഒരേയൊരു കളിക്കാരന്‍. നാലിന് 265 ല്‍ ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ആതിഥേയര്‍ തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ 363 ന് ഓളൗട്ടായി. സ്പിന്നര്‍മാരായ ശഹ്ബാസ് അഹമ്മദും (23.3-2-73-4) അങ്കിത് മിശ്രയുമാണ് (35-5-85-3) കേരളത്തിന്റെ മുന്നേറ്റം തടഞ്ഞത്. നാലിന് 291 ലെത്തിയ ശേഷം 72 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ കേരളത്തിന് നഷ്ടപ്പെട്ടു.
പിന്നീട് അഭിമന്യു ഈശ്വരന്‍ (93 പന്തില്‍ 72) ഒരറ്റത്ത് പൊരുതിയെങ്കിലും മറുതലക്കല്‍ വിക്കറ്റുകള്‍ തുടരെ നിലംപൊത്തി. രഞ്‌ജോത് ഖൈറയെ (6) ബൗള്‍ഡാക്കി ഒമ്പതാം ഓവറില്‍ എം.ഡി നിധീഷാണ് കേരളത്തിന് ബ്രെയ്ക് ത്രൂ നല്‍കിയത്. അപ്പോഴേക്കും ബംഗാള്‍ 43 റണ്‍സെടുത്തിരുന്നു പിന്നീട് അഭിമന്യുവും സുധീപ്കുമാര്‍ ഗറമിയും (33) രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗറമിയെ പുറത്താക്കിയാണ് ജലജിന്റെ ഒറ്റയാള്‍ കുതിപ്പാരംഭിച്ചത് (20-3-67-7). അഭിമന്യുവിനും ഗറമിക്കും (33) പുറമെ കരണ്‍ ലാല്‍ (27 നോട്ടൗട്ട്) മാത്രമാണ് പിടിച്ചുനിന്നത്. ഒന്നിന് 107 ല്‍ നിന്ന് എട്ടിന് 151 ലേക്ക് ബംഗാള്‍ കൂപ്പുകുത്തി. തുടര്‍ന്ന് കരണും സൂരജ് സിന്ധു ജയ്‌സ്വാളും (23 പന്തില്‍ 9 നോട്ടൗട്ട്) പൊരുതുകയാണ്. രോഹന്‍ കുന്നുമ്മല്‍ മൂന്ന് ക്യാച്ചെടുത്തു.