Sorry, you need to enable JavaScript to visit this website.

സത്യനാരായണ: കതിരിൽ തിളങ്ങുന്ന പത്മശ്രീ

സത്യനാരായണയുടെ നെൽവിത്ത് ശേഖരം.
സത്യനാരായണയുടെ നെൽവിത്ത് ശേഖരം.
സത്യനാരായണയും കുടുംബവും അമ്മയോടും സഹോദര കുടുംബത്തോടുമൊപ്പം.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ 2021 ലെ ദേശീയ പ്ലാന്റ് ജിനോം സേവ്യർ പുരസ്‌കാരം സത്യനാരായണയ്ക്ക് സമ്മാനിക്കുന്നു

അന്യംനിന്നുപോകുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിച്ചതിനുള്ള അംഗീകാരമായാണ് കാസർകോട് ബെള്ളൂർ നെട്ടണിഗെയിലെ സത്യനാരായണ ബെളേരിയെത്തേടി പത്മശ്രീ എത്തിയത്. നെൽകൃഷി ഉപേക്ഷിച്ച് നെൽപാടങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചുതുടങ്ങിയപ്പോഴാണ് ഇതിനെതിരെ വീണ്ടും കൃഷിയിറക്കി സത്യനാരായണ വ്യത്യസ്തനായത്. അന്യമായിത്തുടങ്ങിയ പല നെൽവിത്തുകളും ശേഖരിക്കുകയും കൃഷി ചെയ്യുകയും ചെയ്ത ഈ കർഷകൻ ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ഉത്തരകേരളത്തിലേയ്ക്ക് ആദ്യമായി പത്മശ്രീ എത്തിച്ചതിന്റെ സന്തോഷവും ഈ കർഷകനുണ്ട്. അറുനൂറ്റി അൻപതിൽപരം നെൽവിത്തിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് രാജ്യം ഈ അത്യുന്നത പുരസ്‌കാരം നൽകി സത്യനാരായണയെ ആദരിച്ചിരിക്കുന്നത്.


അത്യപൂർവ്വങ്ങളായ പരമ്പരാഗത വിത്തിനങ്ങൾ നൽകി പുതുതലമുറയെ കാർഷിക സംസ്‌കാരത്തിലേയ്ക്ക് ആകർഷിക്കുകയാണ് ഈ അമ്പതുകാരൻ. ഒന്നര ദശാബ്ദക്കാലമായി പുതിയ നെല്ലിനങ്ങൾ തേടിയുള്ള സഞ്ചാരത്തിലാണ് സത്യനാരായണ. നെട്ടണിഗെയിലെ വീട്ടിലെ ഒരു മുറിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന ഭരണികളിലാണ് നെൽവിത്തുകൾ ശേഖരിച്ചുവച്ചിരിക്കുന്നത്. നാടനും സ്വദേശിയും വിദേശിയുമെല്ലാമുണ്ട് ഈ ശേഖരത്തിൽ. വെള്ളക്കടലാസിൽ പേരുകൾ കുറിച്ചുവച്ചിട്ടുള്ള ഭരണികളിലെല്ലാം വ്യത്യസ്തയിനത്തിൽപ്പെട്ട നെൽവിത്തുകളാണ് ഇടം നേടിയിരിക്കുന്നത്.


2008 ൽ രണ്ടിനം നെൽവിത്തുകളുമായാണ് അദ്ദേഹം വിത്തു സംരക്ഷണം ആരംഭിച്ചത്. പുരാണങ്ങളിൽ കാൽ ലക്ഷത്തോളം വിത്തിനങ്ങളുടെ പേരുകളുണ്ടെന്നും അവയിൽ പതിനായിരം വിത്തുകളെങ്കിലും ശേഖരിക്കണമെന്നാണ് സത്യനാരായണയുടെ ഇപ്പോഴത്തെ സ്വപ്‌നം. ജപ്പാൻ, ഫിലിപ്പൈൻസ്, മനില, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നുള്ള നെൽവിത്തുകളും സത്യനാരായണയുടെ വിത്തുശേഖരത്തിലുണ്ട്. ജപ്പാനിൽനിന്നുള്ള ജപ്പാൻ വൈലറ്റ് എന്ന വിത്തിനമാണ് ഏറെ കേമം. ആസാമിൽനിന്നുള്ള കരിമ്പനയും ആസാം ബ്‌ളോക്കും ബൊക്ക റൈസും അമ്മി ബോറയും മദ്ധ്യപ്രദേശിൽ നിന്നുള്ള ചിനൂരും പശ്ചിമ ബംഗാളിൽനിന്നുള്ള ബിഗൺ ബില്ലൂച്ചിയുമെല്ലാം ഇദ്ദേഹത്തിന്റെ വിത്തുശേഖരത്തിലെ അതിഥികളാണ്.


കൂടാതെ തമിഴ്‌നാട്ടിൽനിന്നുള്ള കൗവ്‌നി, മണിപ്പൂരിൽനിന്നുള്ള ചക്കാവോ പൊരിയറ്റ്, സിക്കിമിൽനിന്നും ശേഖരിച്ച അട്ടയ്, മഹാരാഷ്ട്രയിൽനിന്നുള്ള അമ്പേ മൊഹരി, ആന്ധ്രയിൽനിന്നും ബസുമതി, കേരളത്തിൽ തന്നെയുള്ള അടുക്കൻ, അഗറോളി, അല്ലിക്കണ്ണൻ, അഗരി പാക്ക്, കർണ്ണാടകയിൽനിന്ന് അങ്കുര സണ്ണ, അധികാര, അതികായ, അതികിരായൻ, അന്തരഷാലി... മികച്ച വിളവുതരുന്ന ഇക്കൂട്ടരെല്ലാം സത്യനാരായണയുടെ ശേഖരത്തെ കൂടുതൽ വിപുലമാക്കുകയാണ്.
ഉപ്പുവെള്ളത്തിലും മികച്ച വിളവു നൽകുന്ന കഗ്ഗയും ഇരുപതു ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നാലും ചീഞ്ഞുപോകാത്ത എ.ടി.കുണിയും തരിശുഭൂമിയിൽ നന്നായി വിളയുന്ന വെള്ളത്തൊമ്മനും പ്രസവരക്ഷയ്ക്കായി സ്ത്രീകൾ കഞ്ഞിവച്ച് കുടിച്ചിരുന്ന അന്തേ മൊഹരിയും ഇരുമ്പുസത്തിന്റെ കലവറയായ കരി ഗജവലിയും രക്തപുഷ്ടിയുണ്ടാക്കുന്ന ശക്തിശാലിയും തുടങ്ങി പലതരം ബസുമതിയും കറുത്ത ജാസ്മിൻ, ഉണ്ടക്കയമ, മുള്ളൻകയമ, ജീരകശാല, ഗന്ധകശാല, വെളിയൻ, ചെന്താടി... തുടങ്ങി നിരവധി നെൽവിത്തുകളും സത്യനാരായണയുടെ ശേഖരത്തിലുണ്ട്. വിത്തുകൾ ശേഖരിക്കാനായി അദ്ദേഹം നടത്തിയ യാത്രകൾ നിരവധി. പട്ടാമ്പി, മലപ്പുറം, വയനാട്, ഡൽഹി, കർണ്ണാടക, തമിഴ്‌നാട്... തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹമെത്തി. കർണ്ണാടകയിൽതന്നെ ഷിമോഗയിലും മാണ്ഡ്യയിലും മൈസൂരിലുമെല്ലാം അദ്ദേഹം എത്തിയിരുന്നു. ടാർപോളിൽ ഷീറ്റിൽ വെള്ളം കെട്ടിനിറുത്തി ഒരുക്കിയ കൃത്രിമ വയലിൽ ഗ്രോ ബാഗുകളിലും അദ്ദേഹം കൃഷിയൊരുക്കുന്നു.


അപൂർവ്വയിനം വിത്തിനങ്ങൾ ശേഖരിച്ച കർഷകനെതേടി ആദ്യമെത്തിയത് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാരമാണ്. സസ്യ ഇനങ്ങളുടെ സംരക്ഷണത്തിനുള്ള 2021 ലെ ദേശീയ പ്ലാന്റ് ജിനോം സേവ്യർ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്  കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് സത്യനാരായണയ്ക്ക് സമ്മാനിച്ചത്.
2022 ൽ 148 രാജ്യങ്ങളിൽനിന്നുള്ള കാർഷികരംഗത്തെ പ്രമുഖരും വിദഗ്ദ്ധരും സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനുള്ള അവസരവും സത്യനാരായണയ്ക്ക് ലഭിച്ചു. കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കർഷകരിൽ ഒരാളായി എത്തിയ ഈ കോൺഫറൻസിൽ അമൂല്യങ്ങളായ വിത്തിനങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ ഒരേക്കർ സ്ഥലം സ്വാഭാവിക വനമായി നിലനിർത്തിയതിനായിരുന്നു 2023 ലെ വനമിത്ര പുരസ്‌കാരം ലഭിച്ചത്. ഔഷധ സസ്യങ്ങളും നിരവധി മരങ്ങളും നിറഞ്ഞ വനം വിവിധയിനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്.  സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമായി വേറെയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെയും കർണ്ണാടകത്തിലെയും കാർഷിക വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് സത്യനാരായണയുടെ വിത്തുലാബ്.


ബോളേരിയിലെ പരേതനായ കുഞ്ഞിരാമൻ മണിയാണിയുടെയും ജാനകിയുടെയും മകനായി കർഷക കുടുംബത്തിൽ ജനിച്ച സത്യനാരായണ കുട്ടിക്കാലംതൊട്ടേ കൃഷിരീതികൾ കണ്ടാണ് വളർന്നത്. തെങ്ങും കവുങ്ങും റബറും കുരുമുളകളും പച്ചക്കറികളുമെല്ലാം കൃഷി ചെയ്തിരുന്ന പൂർവ്വികർ. നെൽകൃഷി അപൂർവ്വമായിരുന്ന അക്കാലത്ത് കതിരണിഞ്ഞുനിൽക്കുന്ന നെൽവയലുകളോടുള്ള ആകർഷണമായിരുന്നു സത്യനാരായണനെ മാറ്റി ചിന്തിപ്പിച്ചത്. പത്താം കഌസ് പഠനം കഴിഞ്ഞ് കൃഷിയിലേയ്ക്കിറങ്ങിയ സത്യനാരായണക്ക് കന്നട പത്രത്തിൽ വന്ന വാർത്തയാണ് നെൽവയലുകളില്ലെങ്കിലും നെൽകൃഷിയിലേയ്ക്കും വിത്തുസംരക്ഷണത്തിലേയ്ക്കും ഇറങ്ങിത്തിരിക്കാൻ പ്രചോദനമായത്. ഉഡുപ്പിയിലെ ഗാന്ധിയനും ജൈവ കർഷകനുമായ രാമചന്ദ്രറാവു വീടിനുമുറ്റത്ത് ചാലുകീറി രാജക്കയമ നെല്ല് വിളയിച്ചത് വാർത്തയായിരുന്നു. തുടർന്ന് ആ കർഷകനെ ചെന്നുകണ്ട് അദ്ദേഹത്തിൽനിന്നും സൗജന്യമായി ശേഖരിച്ച നൂറു ഗ്രാം വിത്തിൽനിന്നാണ് സത്യനാരായണ നെൽവിത്തുകളുടെ സംരക്ഷകനായത്.
നാലേക്കർ വരുന്ന കുന്നിൻചെരിവിലാണ് സത്യനാരായണയും സഹോദരങ്ങളും കൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഉയർന്ന കുന്നിൻചെരിവുകളും ചുവന്ന മണ്ണുമെല്ലാമായിരുന്നു അവിടങ്ങളിലെല്ലാം. ഈ പരിമിതികൾ മറികടന്നാണ് ഇരുപത്തഞ്ച് സെന്റ് ഭൂമി നിരപ്പാക്കി നെൽകൃഷി തുടങ്ങിയത്. വെള്ളത്തിനായി കുഴൽകിണർ കുഴിച്ചു. ഇരുപതോളം വിത്തിനങ്ങൾ ഈ പാടത്ത് ഇടവിട്ട് കൃഷി ചെയ്യുന്നുണ്ടിപ്പോൾ.


നെൽകൃഷിക്കായി പുതിയ വഴികൾ തേടിയുള്ള സഞ്ചാരമാണ് അദ്ദേഹത്തെ പോളിബാഗ് കൃഷിയിലേയ്ക്ക് ആകർഷിച്ചത്. തുടക്കം പേപ്പർ ഗഌസിൽ വിത്തുകൾ മുളപ്പിച്ചുകൊണ്ടാണ്. പത്തു ദിവസത്തിനുശേഷം അവ മണ്ണും ചാണകപ്പൊടിയും നിറച്ച ഗ്രോ ബാഗിലേയ്ക്കു പറിച്ചുനടുന്നു. ജീവാമൃതമാണ് വളമായി നൽകുന്നത്. കതിരിട്ടു തുടങ്ങുന്നതോടെ പക്ഷികളെത്തുന്നു. ഇവയെ തുരത്താനാണ് ടാർപ്പായിൽ വെള്ളം കെട്ടിനിർത്തിയൊരുക്കുന്ന കൃത്രിമവയലിൽ ഗ്രോ ബാഗ് സംരക്ഷിക്കുന്നത്.
ഒരു വിത്തിന്റെ ആയുസ്സ് വെറും ആറു മാസമാണ്. അതിനുള്ളിൽ അവ മുളപ്പിച്ചില്ലെങ്കിൽ നശിച്ചുപോകും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാർക്ക് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം വിത്തുകൾ നൽകുന്നത്. അഞ്ചു മുതൽ പത്തുഗ്രാം വരെ വിത്തുകൾ നൽകും. വിത്തുകൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും പ്രതിഫലം ആഗ്രഹിക്കാറില്ല. കതിരണിഞ്ഞ പാടങ്ങൾ നിരവധിയുണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണിതെന്നും സത്യനാരായണ പറയുന്നു.


നെൽവിത്തുകൾ ശേഖരിക്കാനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുള്ള സത്യനാരായണയ്ക്ക് ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. കർഷകരെ നേരിട്ടുകണ്ട് വിത്തു സംരക്ഷിക്കുന്നത് പ്രയാസകരമായി അനുഭവപ്പെട്ടപ്പോൾ സുഹൃത്തുക്കളെ ഫോണിലൂടെ വിളിച്ചും തപാൽ മാർഗവും വീട്ടിലേയ്ക്ക് വിത്തുകളെത്തിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കാർഷിക സർവ്വകലാശാലകൾ വഴിയും വിത്തുകൾ സ്വന്തമാക്കി. ലോകത്തിന്റെ നാനാഭാഗത്തുള്ള വിത്തുകൾ ശേഖരിക്കാനുള്ള മാർഗ്ഗം പറഞ്ഞുതന്നത് കർണ്ണാടകയിലെ കാർഷിക സർവ്വകലാശാലകളാണെന്ന് അദ്ദേഹം നന്ദിയോടെ ഓർക്കുന്നു. പ്രത്യുപകാരമായി താൻ വിളയിച്ചെടുത്ത പുതിയ വിത്തുകൾ യൂണിവേഴ്‌സിറ്റിക്ക് നൽകുകയും ചെയ്തു.
രണ്ടു നെല്ലിനങ്ങളുടെ വിത്തുകൾ സ്വന്തമായി വികസിപ്പിച്ചെടുക്കാനും ഈ കർഷകന് കഴിഞ്ഞിട്ടുണ്ട്. ശിവം, ത്രിനേത്രം എന്നിങ്ങനെ പേരുകൾ നൽകിയ ഈ  വിത്തിനങ്ങൾ കാർഷികരംഗത്തെപോലും ഞെട്ടിച്ച സംഭവമായിരുന്നു. നാലു മാസം കൊണ്ടും ആറുമാസം കൊണ്ടും കൊയ്‌തെടുക്കാൻ കഴിയുന്ന ഈ നെല്ലിനങ്ങൾ കറുപ്പ് നിറത്തിലുള്ള അരിയാണ് നൽകുന്നത്. കാർഷിക യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിച്ച ഈ നെൽവിത്തുകൾ, ഡൽഹിയിലെ പി.പി.ആർ.എഫിന്റെ രജിസ്‌ട്രേഷനായുള്ള കാത്തിരിപ്പിലാണ്.


വിളവെടുപ്പിനുശേഷം വെയിലത്ത് ഉണക്കിയെടുത്ത വിത്തുകൾ പേപ്പർ ബാഗുകളിൽ സൂക്ഷിക്കുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് കേരളത്തിലെ പാടങ്ങളിൽ വിളഞ്ഞിരുന്ന ആര്യൻ, ചിറ്റേനി, കയമ, പറമ്പുവട്ടൻ, തെക്കേഞ്ചിര തുടങ്ങിയ അപൂർവ്വയിനം വിത്തുകളും സത്യനാരായണയുടെ ശേഖരത്തിലുണ്ട്. നവര, രക്തശാലി, കരിഗജാവലി.. തുടങ്ങി ഔഷധഗുണമുള്ള വിത്തുകൾ വേറെയും.
സത്യനാരായണയുടെ സഹോദരങ്ങളായ രാധാകൃഷ്ണയും പ്രകാശയുമെല്ലാം കുടുംബമായി ഒരു വീട്ടിലാണ് കഴിയുന്നത്. സത്യനാരായണ നെല്ല് പരിപാലനത്തിന്റെ തിരക്കിൽ മുഴുകുമ്പോഴും മറ്റു കൃഷിപ്പണികളുമായി കഴിയുകയാണ് സഹോദരങ്ങൾ. സ്വന്തം ആവശ്യത്തിനുള്ള നെല്ലിനായി രണ്ടു കിലോമീറ്റർ ദൂരെ സുഹൃത്തിന്റെ പാടത്ത് കൃഷിയിറക്കാറുണ്ട്.  കുടുംബസ്വത്തായി ലഭിച്ച സഥലത്ത് മൂവരും ചേർന്നാണ് കൃഷിയിറക്കുന്നത്. കശുഅണ്ടിയും ജാതിയും കുരുമുളകും പ്ലാവുമെല്ലാം ഇവിടെയുണ്ട്.


രാജ്യം പത്മശ്രീ നൽകി ആദരിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സത്യനാരായണ പറയുന്നു. കാർഷിക രംഗത്തുള്ള ഒരാൾക്ക് ഇത്തരം അംഗീകാരം നൽകിയതിലൂടെ കർഷകർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അടുത്ത തലമുറയ്ക്കും നെൽകൃഷിയുടെ ഗുണപാഠം പകർന്നുനൽകാൻ ഈ അംഗീകാരം കരുത്തു നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ശ്രമങ്ങളെ ലോകം മുഴുവൻ ശ്രദ്ധയോടെ വീക്ഷിക്കുമ്പോഴും സമ്പാദ്യമേതുമില്ലാതെ തന്റെ യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
കാസർകോട്ടുകാർക്കും സന്തോഷത്തിന്റെ ദിനങ്ങളാണിത്. ആദ്യമായാണ് പത്മശ്രീ പുരസ്‌കാരം ഈ നാട്ടിലെത്തുന്നതെന്ന് അവർ പറയുന്നു. ആദരവിന്റെയും പ്രശംസയുടെയും പാതയിലൂടെയുള്ള സഞ്ചാരമാണിത്. സത്യനാരായണയുടെ കാർഷിക ജീവിതത്തിന് കരുത്ത് പകരുന്നത് ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീയും ഗ്രീഷ്മയും അഭിനയവുമാണ്. സത്യനാരായണയുടെ ഫോൺ നമ്പർ: 9400650000.

Latest News