സിദ്ധ സാഹിത്യകാരൻ അക്ബർ കക്കട്ടിലിന്റെ ഓർമ ദിനമാണ്. 2016 ഫെബ്രുവരി 17 നാണ് പരിചയപ്പെട്ടവരുടെയൊക്കെ മനസിൽ ഇടം നേടിയ ദേശഭാവനയുടെ കഥാകാരൻ അനശ്വര ലോകത്തേക്ക് യാത്രയായത്.
നർമത്തിൽ ചാലിച്ച മധുരമായ ശൈലിയിലൂടെ എല്ലാതരം വായനക്കാരേയും സ്വാധീനിച്ച കഥാകാരനായിരുന്നു അക്ബർ കക്കട്ടിൽ. ദൈനംദിന ജീവിതത്തിലെ അനർഘ നിമിഷങ്ങളെ നർമത്തിന്റെ മേമ്പൊടിയിൽ മനോഹരമായി വരച്ചുകാണിച്ച അദ്ദേഹത്തിന്റെ കഥകളും നോവലുകളുമൊക്കെ നിത്യ കൗതുകം പകരുന്നത് ആ സൃഷ്ടികളിലെ ആത്മാർഥമായ ഇടപെടലുകൾ കൊണ്ടാണ്. അധ്യാപക കഥകളെന്ന ഒരൊറ്റ കൃതി മതി അക്ബർ കക്കട്ടിലെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. സ്‌കൂൾ ജീവിതത്തിന്റെ വശ്യമനോഹരമായ നിരവധി സന്ദർഭങ്ങളാണ് നർമം ചാലിച്ച് അദ്ദേഹം സഹൃദയ ലോകത്തിന് സമ്മാനിച്ചത്. പ്രിയ കൂട്ടുകാരി ലസിത സംഗീത് എഡിറ്റ് ചെയ്ത അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ എന്ന ഓർമ പുസ്തകമാണ് ഈ ചിന്തകൾ എന്റെ മനസിലേക്ക് കൊണ്ട് വന്നത്.
ജീവിത വഴിയിലെവിടെയോവെച്ച് വായനയേയും എഴുത്തിനേയും നഷ്ടമായ ഒരുവളെ സ്‌നേഹ വാൽസല്യങ്ങളാൽ ചേർത്തുനിർത്തി വീണ്ടും അക്ഷര നന്മയിലേക്കെത്താൻ പ്രോൽസാഹനം നൽകിയ ഗുരുവിനുള്ള സമർപ്പണമാണ്, ഗുരുദക്ഷിണയാണ് ഈ പുസ്തകമെന്നാണ് ആമുഖത്തിൽ ലസിത സംഗീത് പറയുന്നത്. വിദ്യാർഥികളിലും സഹൃദയിരിലും അക്ബർ കക്കട്ടിലെന്ന അധ്യാപകൻ കോറിയിട്ട സ്‌നേഹാദരവുകളാണ് ഈ വരികളിൽ പ്രതിധ്വനിക്കുന്നത്. വേർപാടിന്റെ വേദനകൾക്കപ്പുറം ആ മനുഷ്യ സ്‌നേഹിയായ അധ്യാപകൻ തീർത്ത സ്‌നേഹത്തിൻ പൂഞ്ചോലയിലൂടെ സഞ്ചരിക്കുമ്പോൾ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച ഓളങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. സ്‌നേഹ സൗഹൃദങ്ങൾക്ക് വല്ലാത്ത പ്രാധാന്യം കൽപിച്ച പച്ചയായ മനുഷ്യനായിരുന്നു അക്ബർ കക്കട്ടിൽ എന്ന് അദ്ദേഹവുമായി ഇടപഴകിയ ആർക്കും പെട്ടെന്ന് ബോധ്യപ്പെടും. മറയയില്ലാത്ത തെളിയമയാർന്ന സ്‌നേഹവായ്പുകളാൽ ശക്തമായ സൗഹൃദങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരുടേയും തോളിൽ കയ്യിട്ട് നടക്കുന്ന ലാളിത്യത്തിന്റെ പ്രതീകമായ അക്ബർ കക്കട്ടിലിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ മനോഹരമായി അനാവരണം ചെയ്യുന്ന ഈ പുസ്തകം അക്ഷരാർഥത്തിൽ അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ തന്നെയാണ്.
അക്ബർ കക്കട്ടിലുമായി പല നിലക്കും ബന്ധമുള്ള പ്രമുഖ വ്യക്തികളെ കണ്ടെത്തി അവരുടെ ലേഖനങ്ങളും ഓർമകളും സമാഹരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് പ്രവാസിയായ ലസിത സംഗീത് ഭംഗിയായി നിർവഹിച്ചത്. ഏറെ പ്രശംസനീയമായ ഒരു സാംസ്‌കാരിക പ്രവർത്തനമാണിത്. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ, അടൂർ ഗോപാലകൃഷ്ണൻ, ആഷാ മേനോൻ, ഡോ. എം. എൻ. കാരശ്ശേരി, സത്യൻ അന്തിക്കാട്, കെ.ആർ.മീര, പി.കെ. പാറക്കടവ്, പോൾ കല്ലാനോട്, ഖദീജ മുംതാസ്, മുസാഫിർ, വി.ആർ. സുധീഷ്,, സുഭാഷ് ചന്ദ്രൻ തുടങ്ങി വിവിധ തലങ്ങളിലുള്ള ശ്രദ്ധേയരായ എഴുപത്തഞ്ചോളം പേരുടെ കുറിപ്പുകളാൽ ധന്യമാണ് ലസിതയുടെ പുസ്തകം. എഴുത്തുകാരൻ ഒരിക്കലും മരിക്കുന്നില്ല. എഴുത്തുകളിലൂടെ, പുസ്തകങ്ങളിലൂടെ സർവോപരി അവർ പങ്കുവെച്ച ചിന്തകളുടേയും സ്‌നേഹാദ്രമായ വികാരങ്ങളിലൂടെയും സഹൃദയ മനസുകളിൽ അവർ എന്നെന്നും ജീവിക്കുകയാണ് . മാതൃഭൂമി ബുക്‌സാണ് ശ്രദ്ധേയമായ ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലളിത സുന്ദരമായ ഭാഷയും ശൈലിയും ഉപയോഗിച്ച് മലയാള സാഹിത്യത്തിനു പുതിയൊരു ദിശ നിർമിക്കാൻ കഴിഞ്ഞ സാഹിത്യകാരനാണ് അക്ബർ കക്കട്ടിൽ. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ തന്റെ എഴുത്തിലൂടെ അദ്ദേഹം പുനർ നിർമ്മിച്ചു. തന്റെ ചുറ്റിലും നടക്കുന്ന സംഭവവികാസങ്ങളുടെ ഒരു പരിഛേദമായിരുന്നു അദ്ദേഹത്തിന്റെ കഥകളെല്ലാം. ജീവിതമൂല്യങ്ങളെല്ലാം അദ്ദേഹം തന്റെ കഥയിൽ എഴുതിച്ചേർത്തു. അത് നിഷ്‌കളങ്കമായ എഴുത്തായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം പോലെ.അക്ബർ കക്കട്ടിലിന്റെ രചനകളിൽ നിറഞ്ഞു നിന്നത് കക്കട്ടിലും സമീപ പ്രദേശങ്ങളുമായിരുന്നു. ലളിതമായ ഭാഷയിൽ ശുദ്ധ നാട്ടിൻപുറ കഥകൾ പറഞ്ഞു കൊണ്ടു മലയാള സാഹിത്യത്തിൽ തനതായ ഇടം സൃഷ്ടിച്ചെടുക്കുകയാണ് അക്ബർ കക്കട്ടിൽ ചെയ്തത്. സാധാരണക്കാരന്റെ ഭാഷയിലൂടെ അസാധാരണമായ കഥാസന്ദർഭങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭാഷയിലെ നർമപ്രയോഗവും പ്രാദേശിക ഭേദവും ദാർശനികമായ വ്യാഖ്യാനങ്ങളുമാണ് കക്കട്ടിൽ കഥകളെ സവിശേഷമാക്കുന്നത്. സാമൂഹിക ജീവിതത്തിൽ കണ്ടുമുട്ടുന്ന പച്ച മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എഴുതി മലയാളികളെ അദ്ദേഹം വിസ്മയിപ്പിച്ചു. മലബാറിലെ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ.
ഏഡ്മാഷ് , സ്‌കൂൾ വിശേഷങ്ങൾ, കൂട്ടിലെ കിളികൾ, പ്യൂൺ ബാലേട്ടൻ, അങ്ങാടി നിലവാരം, കുഞ്ഞിരാമൻ മാഷെ കാണാനില്ല തുടങ്ങി ഒട്ടനവധി കഥകളിലൂടെ താൻകണ്ട സ്‌കൂൾ ജീവിതത്തെ തൻമയത്വത്തോടെ മലയാളിക്കു മുൻപിലവതരിപ്പിക്കാൻ കക്കട്ടിലിനു സാധിച്ചു. നർമത്തിൽ പൊതിഞ്ഞ ആഖ്യാനശൈലിയാണ് കക്കട്ടിലിന്റെ രചന. ചിരിപ്പിക്കുന്നതോടൊപ്പം മൂർച്ചയുള്ള ചോദ്യങ്ങൾ കൂടി വായനക്കാരനിലേക്ക് എത്തിക്കാൻ കക്കട്ടിലിനു സാധിച്ചു. വിദ്യാഭ്യാസം വിൽപ്പനച്ചരക്കാവുന്ന കാലത്ത് അധ്യാപകന്റെ 'വില' എന്താണെന്നു ചോദിക്കുന്ന കഥയാണ് 'അങ്ങാടി നിലവാരം'. ദാമോദരൻ നമ്പ്യാർ സ്വന്തം സ്‌കൂളിലെ മാഷ് മരിച്ചതറിഞ്ഞു വീട്ടിലേക്കിറങ്ങിയ സമയത്ത് എതിരേ നിന്നു വന്ന മാന്യശരീരങ്ങൾ മരിച്ചയാളുടെ പോസ്റ്റ് ബുക്ക് ചെയ്യാൻ വേണ്ടിവരികയാണ്. 'ഏതായാലും അയാള് മരിച്ചു, ഇനി ഒരുത്തന് പണികിട്ടണ കാര്യമല്ലേ വലുത്, അഡ്വാൻസ് ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പറയുന്ന റേറ്റ് തരാം'. അപ്പോൾ നമ്പ്യാർ ആലോചിക്കുന്നതു പത്രത്തിലേക്കു പരസ്യം ഡ്രാഫ്റ്റ് ചെയ്തു വച്ചിരുന്നത് പോസ്റ്റ് ചെയ്ത് പോയിരുന്നെങ്കിൽ പരസ്യക്കൂലി നഷ്ടമായേനേ എന്നാണ്. ഇതൊരു ലാഭകരമായ ബിസിനസാണെന്നു മനസിലായ നമ്പ്യാർ വർഷം തോറും ഓരോ അധ്യാപകരെ കൊന്നു കൊണ്ടു പകരം അധ്യാപകരെ നിയമിച്ചു പണം സമ്പാദിക്കാമല്ലോ എന്നു ചിന്തിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന മൂല്യച്ച്യുതിയെ സൂചിപ്പിക്കാൻ ഇതിലും മികച്ചൊരു കഥ മലയാളത്തിലുണ്ടാവില്ല.
സ്റ്റാഫ് റൂമിൽ വന്ന് ശബ്ദതാരാവലി അന്വേഷിക്കുന്ന അറബി മാഷോട് ഏത് വാക്കാണ് അറിയേണ്ടതെന്ന് ചോദിക്കുന്ന മലയാളം അധ്യാപകനും തനിക്ക് തലക്ക് വെച്ച് ഉറങ്ങാനാണെന്ന് പറയുന്ന അറബി മുൻഷിയും കുറിക്ക് കൊള്ളുന്ന സാമൂഹ്യ വിമർശനമാണെങ്കിലും നമുക്ക് ചിരി അടക്കാനാവില്ല.
എഴുത്തിന്റെ ലോകത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സാധാരണക്കാരന്റെ ഭാഷയിൽ പകരം വെയ്ക്കാനാവാത്ത രചനകളിലൂടെ സഹൃദയ മനസുകളിൽ ജീവിക്കുന്ന അക്ബർ കക്കട്ടിൽ എന്ന അധ്യാപകനേയും കഥാകാരനേയും അടുത്തറിയാൻ സഹായിക്കുന്ന കൃതിയാണ് അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ എന്നതിൽ സംശയമില്ല.