ഇഞ്ചിയോണ്‍ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ ജോര്‍ദാനോട് അപ്രതീക്ഷിതമായി തോറ്റതോടെ രാജ്യാന്തര ഫുട്‌ബോള്‍ വിടുമെന്ന് തെക്കന്‍ കൊറിയയുടെ സൂപ്പര്‍ താരം സോന്‍ ഹ്യുംഗ് മിന്‍ സൂചന നല്‍കി. ടോട്ടനം ക്യാപ്റ്റന് ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സോന്‍ കൊറിയന്‍ ജഴ്‌സിയില്‍ തുടരുമെന്ന് കോച്ച് യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ ആരാധകരെ ആശ്വസിപ്പിച്ചു. ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായി ഖത്തര്‍ വിട്ട ശേഷം സോനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ക്യാപ്റ്റന്‍ കൊറിയക്കു വേണ്ടി കളി തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോച്ച് വ്യക്തമാക്കി.
ടൂര്‍ണമെന്റിലുടനീളം പലതവണ ഇഞ്ചുറി ടൈം ഗോളുകളില്‍ രക്ഷപ്പെട്ട കൊറിയ സെമിഫൈനലില്‍ 0-2 നാണ് ജോര്‍ദാനോട് തോറ്റത്. ലോകകപ്പില്‍ സ്ഥിരം സാന്നിധ്യമാണെങ്കിലും കൊറിയക്ക് 1960 നു ശേഷം ഏഷ്യന്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കൊറിയയില്‍ തിരിച്ചെത്തിയ ക്ലിന്‍സ്മാനും സംഘവും മാധ്യമങ്ങളുടെ കനത്ത ചോദ്യം ചെയ്യലിനാണ് വിധേയമായത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ താന്‍ തന്നെയായിരിക്കും കോച്ചെന്ന് ക്ലിന്‍സ്മാന്‍ പ്രഖ്യാപിച്ചു.