ഹാംബര്‍ഗ് - ജര്‍മനിയിലെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ വന്‍കിട കമ്പനികളുടെ നിക്ഷേപം അനുവദിക്കുന്നതിനെതിരായ ആരാധകരുടെ പ്രതിഷേധം ശക്തമാവുന്നു. ജര്‍മന്‍ ലീഗ് മത്സരങ്ങളില്‍ ഗോള്‍ പോസ്റ്റിന് സൈക്കിള്‍ പൂട്ടിട്ട് അവര്‍ രോഷം പ്രകടിപ്പിച്ചു. ഗാലറികളില്‍ പ്രതിഷേധ ബാനറുകളുയര്‍ന്നു. എസ്.വി ഹാംബര്‍ഗറും ഹാനോവറും തമ്മിലുള്ള രണ്ടാം ഡിവിഷന്‍ മത്സരം നിരന്തരം തടസ്സപ്പെട്ടു. ഇടവേളയില്‍ പോസ്റ്റിന് പൂട്ടിടുകയും കൈയില്‍ കിട്ടിയ വസ്തുക്കള്‍ ഗ്രൗണ്ടിലേക്ക് എറിയുകയും ചെയ്തു. ഇരുമ്പു മുറിക്കുന്ന കത്തി കൊണ്ടുവന്നാണ് പൂട്ട് മാറ്റിയത്.
നിക്ഷേപക പദ്ധതിയെ ജര്‍മന്‍ പുരുഷ, വനിതാ ടോപ് ലീഗുകളിലെ 36 ക്ലബ്ബുകളില്‍ ഇരുപത്തിനാലും അംഗീകരിച്ചിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടതിന്റെ കൃത്യം.
വെള്ളിയാഴ്ച ബൊറുസിയ ഡോര്‍ട്മുണ്ടും ഫ്രോയ്ബര്‍ഗും തമ്മിലുള്ള ഫസ്റ്റ് ഡിവിഷന്‍ മത്സരവും തടസ്സപ്പെട്ടിരുന്നു. ആരാധകര്‍ ചോക്കളേറ്റും ടെന്നിസ് ബോളുകളും ഗ്രൗണ്ടിലേക്കെറിഞ്ഞു. മറ്റേതാനും മത്സരങ്ങളിലും സമാന സാഹചര്യങ്ങളുണ്ടായി.