ഹോങ്കോംഗ് -ഇന്റര്‍ മയാമിയുടെ ഹോങ്കോംഗിലെ പ്രദര്‍ശന മത്സരത്തില്‍ ലിയണല്‍ മെസ്സി ഇറങ്ങാതിരുന്നതുമായി ബന്ധപ്പെട്ട് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആളിക്കത്തുന്നു. ചൈനയില്‍ അടുത്ത മാസം നടക്കേണ്ട അര്‍ജന്റീനയുടെ സൗഹൃദ മത്സരം പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കി. മാര്‍ച്ച് 18-26 ഇന്റര്‍നാഷനല്‍ ഇടവേളയിലാണ് ലോക ചാമ്പ്യന്മാര്‍ ചൈനയില്‍ നൈജീരിയയെയും ഐവറികോസ്റ്റിനെയും നേരിടേണ്ടിയിരുന്നത്. ഹ്വാങ്ചൗവും ബെയ്ജിംഗും വേദികളായി നിശ്ചയിച്ചിരുന്നു. ആഫ്രിക്കന്‍ കപ്പ് ഫൈനലിലെത്തിയ ടീമുകളാണ് നൈജീരിയയും ഐവറികോസ്റ്റും.
ഹോങ്കോംഗില്‍ പരിക്കാണെന്ന് പറഞ്ഞ് റിസര്‍വ് ബെഞ്ചിലിരുന്ന മെസ്സി രണ്ടു ദിവസം കഴിഞ്ഞ് ടോക്കിയോയില്‍ അര മണിക്കൂര്‍ വിസല്‍ കോബെക്കെതിരായ മത്സരം കളിച്ചതാണ് ഹോങ്കോംഗുകാരെയും ചൈനക്കാരെയും ചൊടിപ്പിച്ചത്. നൈജീരിയയുമായുള്ള മത്സരം മറ്റൊരു സ്ഥലത്ത് കളിക്കുമെന്നാണ് അര്‍ജന്റീന പറയുന്നത്. മെസ്സിയെ ഹോങ്കോംഗില്‍ ഇനി പ്രവേശിപ്പിക്കരുതെന്ന് നിരവധി രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടു.
മെസ്സിയുടെയും ഇന്റര്‍ മയാമിയുടെയും ഗ്ലോബല്‍ ടൂര്‍ അക്ഷരാര്‍ഥത്തില്‍ അലങ്കോലവും ടീമിന് ദുഷ്‌പേരുണ്ടാക്കുന്നതുമായി. മെസ്സിയും ലൂയിസ് സോറസിനെയും പോലുള്ള കളിക്കാരെ വെച്ച് ഇന്റര്‍ മയാമിക്ക് പ്രചാരണവും സ്‌പോണ്‍സര്‍ഷിപ്പും ആകര്‍ഷിക്കുകയും ബ്രാന്റ് സൃഷ്ടിക്കുകയുമാണ് ക്ലബ്ബ് ഉദ്ദേശിച്ചതെങ്കില്‍ സംഭവിച്ചത് നേര്‍വിപരീതമാണ്, കളിക്കളത്തിലും പുറത്തും. എഫ.സി ഡാളസിനോടും എല്‍സാല്‍വഡോറിനോടും സൗദി അറേബ്യന്‍ ക്ലബ്ബുകളോടും തോറ്റു. മെസ്സി കളിക്കാതിരുന്നതോടെ ഹോങ്കോംഗില്‍ കാണികള്‍ ഇളകി. ബുധനാഴ്ച ജപ്പാനില്‍ കോബെയോട് തോറ്റ ശേഷം ടീം നാട്ടിലേക്ക് മടങ്ങി. 16 ന് മെസ്സിയുടെ ബാല്യകാല ടീം നെവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ ഫ്‌ളോറിഡയിലാണ് അവസാന പ്രി സീസണ്‍ മത്സരം.
കളിച്ച അഞ്ച് മത്സരങ്ങളില്‍ 12 ഗോളാണ് ഇന്റര്‍ മയാമി വാങ്ങിക്കൂട്ടിയത്. ഏക ജയം ഹോങ്കോംഗിലെ പ്രാദേശിക ടീമിനെതിരെ നേടിയ 4-1 ആണ്. ആ മത്സരം വലിയ പ്രതിഷേധം സൃഷ്ടിക്കുകയും ടിക്കറ്റ് റീഫണ്ട് ചെയ്യേണ്ടി വരികയും ചെയ്തു.
സൗദിയില്‍ അല്‍ഹലിലാലിനെതിരെ മെസ്സിയും സോറസും കളിച്ചിരുന്നു. എന്നാല്‍ അന്നസ്‌റിനെതിരെ അവസാന ഏഴ് മിനിറ്റിലാണ് കളത്തിലിറങ്ങിയത്.
മെസ്സിയുടെ മത്സരത്തിന് ഹോങ്കോംഗ് സര്‍ക്കാര്‍ 1.6 കോടി ഡോളര്‍ സബ്‌സിഡി നല്‍കേണ്ടതായിരുന്നു. മെസ്സി കളിക്കാതിരുന്നതോടെ അതിനുള്ള അപേക്ഷ സംഘാടകര്‍ പിന്‍വലിച്ചു.
മെസ്സിയുടെ പ്രായവും പരിക്കും കേരളത്തിനും പാഠമാണ്. മെസ്സി കളിക്കുമെന്ന് പ്രചരിപ്പിച്ച് കോടികളുടെ സ്‌പോണ്‍സര്‍ഷിപ് സമ്പാദിച്ച് ഒടുവില്‍ താരം വിട്ടുനിന്നാല്‍ കലാപത്തിന് വരെ കാരണമായേക്കാം. ഫണ്ട് തിരിച്ചുനല്‍കേണ്ട അവസ്ഥയിലേക്ക് ബന്ധപ്പെട്ടവര്‍ എത്തിച്ചേരും.