കോഴിക്കോട്/കൊല്‍ക്കത്ത - ഗോകുലം കേരള എഫ്.സിക്ക് ഇരട്ട സന്തോഷത്തിന്റെ ദിനം. ഐ-ലീഗിലും ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിലും മലബാറിയന്‍സിന് തകര്‍പ്പന്‍ ജയം. വനിതാ ലീഗില്‍ കോഴിക്കോട്ട് ഒഡിഷ എഫ്.സിക്കെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം 2-1 ന് ജയിച്ച ഗോകുലം പോയന്റ് പട്ടികയില്‍ ഈ സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഐ-ലീഗില്‍ ഗോകുലം പുരുഷ ടീം 4-2 ന് ഇന്റര്‍ കാശിയെ തോല്‍പിച്ചു. ഇപ്പോള്‍ നാലാം സ്ഥാനത്താണ് ടീം.
23ാം സെക്കന്റില്‍ ഗോള്‍
നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ അവരുടെ തട്ടകത്തില്‍ 23ാം സെക്കന്റില്‍ ഗോളടിച്ചാണ് ഒഡിഷ തുടങ്ങിയത്. എന്നാല്‍ ഫാസില ഇക്വാപുടിന്റെ ഇരട്ട ഗോളില്‍ ഗോകുലം തിരിച്ചടിച്ചു. ഒഡിഷയുടെ ആദ്യ തോല്‍വിയാണ് ഇത്. ഒരു മത്സരം കുറവ് കളിച്ച അവര്‍ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്.
ഐലീഗ് രണ്ടാം ഘട്ടത്തിലെ ആദ്യമത്സരം ഗംഭീരമാക്കി ഗോകുലം പുരുഷ ടീം. ആദ്യ നിമിഷം മുതല്‍ വാശിയേറിയ മത്സരത്തില്‍ ഗോളവസരണങ്ങള്‍ ഒരുപാട് കിട്ടിയെങ്കിലും ആദ്യം ഗോള്‍ നേടിയത് ഇന്റര്‍ കാശിയാണ്. പിന്നീട് ക്യാപ്റ്റന്‍ അലക്‌സാണ് ആദ്യം ഗോകുലത്തിനായ് ഗോള്‍ നേടിയത്. നിമിഷങ്ങള്‍ക്കകം മലയാളി താരം അഭിജിത്ത് ഗോള്‍ നേടി ഗോകുലത്തിന് ലീഡ് നല്‍കി. പിന്നീട് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത് സെക്കന്റ് ഹാള്‍ഫില്‍ നിക്കോളായാണ്. കളിയുടെ അവസാന മിനിറ്റുകളില്‍ മുന്നേറ്റ ങ്ങള്‍ അനവധി നടത്തിയ ഇന്റര്‍ കാശി 86 ആം മിനിറ്റില്‍ മാരിയോ ബാര്‍ക്കോ യിലൂടെ ഗോള്‍ നേടി, വാശിയേറിയ മത്സരത്തില്‍ നിക്കോളയുടെ തന്നെ എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ ഗോകുലം വിജയം ഉറപ്പിച്ചു.
വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി, ഒന്നാം സ്ഥാനത്തുള്ള മുഹമ്മദന്‍സിന് ഏഴ് പോയന്റ് പിന്നില്‍. ഗോകുലത്തിനായി സ്പാനിഷ് പ്ലെയറായ ജോനാഥന്‍ വിയേരയും, സെര്‍ബിയന്‍ താരം മാറ്റിയ ബബ്ബോവിച്ചും ആദ്യമായിറങ്ങി. 12 ന് കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ ഷിലോങ്ങ് ലജോങ് എഫ് സി ക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം .