പള്ളിക്കെലെ - ശ്രീലങ്കയുടെ പത്തും നിസങ്ക ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയവരുടെ പട്ടികയിലെ ആദ്യ ശ്രീലങ്കക്കാരനായി. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ 139 പന്തില്‍ എട്ട് സിക്‌സറും 20 ബൗണ്ടറിയുമായി ഓപണര്‍ പുറത്താവാതെ 210 റണ്‍സടിച്ചു. ആവിഷ്‌ക ഫെര്‍ണാണ്ടോയും (88 പന്തില്‍ 88) നിസങ്കയും തുടക്കം മുതല്‍ അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ ഇരുപത്താറോവറില്‍ ശ്രീലങ്ക 182 റണ്‍സിലേക്ക് കുതിച്ചു.്‌നിശ്ചിത അമ്പതോവറില്‍ മൂന്നിന് 381 ലെത്താന്‍ ശ്രീലങ്കക്ക് സാധിച്ചു. മറുപടിയായി അഫ്ഗാനിസ്ഥാന്‍ 32 ഓവറില്‍ അഞ്ചിന് 180 ലെത്തി. പതിനെട്ടോവറില്‍ ജയിക്കാന്‍ 202 റണ്‍സ് കൂടി വേണം.
സനത് ജയസൂര്യയുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് (2000 ല്‍ ഇന്ത്യക്കെതിരെ 189) തകര്‍ത്താണ് നിസങ്ക ശ്രീലങ്കയുടെ ടോപ്‌സ്‌കോററായത്. 88 പന്തില്‍ സെഞ്ചുറി തികച്ച ഇരുപത്തഞ്ചുകാരന്‍ അവിടെ നിന്ന് 48 പന്തില്‍ ഇരട്ട സെഞ്ചുറിയിലെത്തി. ഫരീദ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് 136 പന്തില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. സിക്‌സറും ബൗണ്ടറിയുമായി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ജയസൂര്യയും കളി കാണാനുണ്ടായിരുന്നു.
നിസങ്കയെക്കാള്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി തികക്കാന്‍ ഇന്ത്യയുടെ ഇശാന്‍ കിഷനു മാത്രമേ സാധിച്ചിട്ടുള്ളൂ, 2022 ല്‍ ബംഗ്ലാദേശിനെതിരെ 126 പന്തില്‍. പുരുഷ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി തികക്കുന്ന പന്ത്രണ്ടാമത്തെ കളിക്കാരനാണ് നിസങ്ക.