ഏഷ്യന്‍ കപ്പ് ഫൈനല്‍
ഖത്തര്‍ x ജോര്‍ദാന്‍
ശനി, വൈകു: 6.00
ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഖത്തറിനെതിരെ ബൂട്ട് കെട്ടും മുമ്പെ ജോര്‍ദാന്‍ വിജയിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായിരുന്നു അവരുടെ മുന്നേറ്റം. മറ്റു പ്രൊഫഷനല്‍ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി പ്രയാസങ്ങളും പ്രതിസന്ധികളും കണ്ടവരാണ് ജോര്‍ദാന്‍ ടീമിലെ അംഗങ്ങള്‍. ജോര്‍ദാന്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് മുന്നേറിയത്. ഇതിന് മുമ്പ് അവരുടെ മികച്ച പ്രകടനം 2004 ലും 2011 ലും ക്വാര്‍ട്ടറിലെത്തിയതായിരുന്നു. ഇത്തവണ ടീമിന്റെ അതുല്യ മുന്നേറ്റം ഫുട്‌ബോള്‍ ഭ്രാന്തിന് പേരുകേട്ട 1.1 കോടി ജനസംഖ്യയുള്ള കൊച്ചുരാജ്യത്തിന് അഭിമാനനിമിഷങ്ങളാണ് പകര്‍ന്നത്.
പിടിപ്പുകേടുകളുടെ പര്യായമാണ് ജോര്‍ദാന്‍ ഫുട്‌ബോള്‍. പ്രൊ ലീഗില്‍ തുഛമായ പ്രതിഫലമാണ്. മുന്‍നിര ക്ലബ്ബുകള്‍ പോലും മാസങ്ങളോളം പ്രതിഫലം വൈകിക്കാറുണ്ട്. കളിക്കാര്‍ സെക്യൂരിറ്റി ജീവനക്കാരായും സര്‍ക്കാര്‍ ഓഫീസുകളിലുമൊക്കെ പണിയെടുത്താണ് ജീവിക്കുന്നത്. ടീമിലെ 16 പേരും ജോര്‍ദാന്‍ ലീഗില്‍ കളിക്കുന്നവരാണ്. മറ്റുള്ളവര്‍ സൗദി അറേബ്യ, ലെബനോന്‍, ഇറാഖ്, മലേഷ്യ, ഖത്തര്‍ ലീഗുകളില്‍ കളിക്കുന്നു. മൂസ അല്‍തമാരി മാത്രമാണ് യൂറോപ്പില്‍ പന്ത് തട്ടുന്നത്, ഫ്രഞ്ച് ലീഗില്‍ മോണ്ട്‌പെലിയറിന്. ജോര്‍ദാന്‍ ലീഗ് ചാമ്പ്യന്മാരുടെ പ്രതിഫലം വെറു ആറു ലക്ഷം ദിനാറാണ്.
എന്നാല്‍ ടീം ഏഷ്യന്‍ കപ്പ് ഫൈനലിലെത്തിയതോടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ബാങ്കുകളും മറ്റും രംഗത്തു വന്നിട്ടുണ്ടെന്ന് ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വനിതാ സെക്രട്ടറി സമര്‍ നാസര്‍ പറയുന്നു. ഈ പിന്തുണ സമഗ്രമായും അടിസ്ഥാനതലത്തിലും വേണമെന്നാണ് അവരുടെ ആവശ്യം.
ഇപ്പോള്‍ യുവജനക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ജോര്‍ദാനിലെ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നത് പ്രൊഫഷനലിസം കൊണ്ടുവരുമെന്ന് പലരും പറയുന്നു.
88,000 പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുക. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറിനെയാണ് കറുത്തകുതിരകളായ ജോര്‍ദാന്‍ നേരിടുക. മൊറോക്കോക്കാരനായ കോച്ച് ഹുസൈന്‍ അമൂത പരിശീലിപ്പിക്കുന്ന ജോര്‍ദാന്‍ വമ്പന്മാരെ അട്ടിമറിച്ചാണ് ആദ്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തെക്കന്‍ കൊറിയക്കെതിരെ ഇഞ്ചുറി ടൈമില്‍ വിജയം കൈവിട്ട അവര്‍ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിലൂടെ പ്രി ക്വാര്‍ട്ടറില്‍ ഇറാഖിനെ അട്ടിമറിച്ചു. ക്വാര്‍ട്ടറില്‍ താജിക്കിസ്ഥാന്റെ കുതിപ്പ് അവസാനിപ്പിച്ചു. സെമിഫൈനലില്‍ 2-0 വിജയത്തോടെ തെക്കന്‍ കൊറിയക്ക് മടക്കപ്പാസ് സമ്മാനിച്ചു. യസാന്‍ അല്‍നിഅ്മത്തും മൂസ അല്‍തമാരിയുമാണ് ജോര്‍ദാന്റെ പട നയിക്കുന്നത്. സെമിയില്‍ തമാരിയുടെ ഗോള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.