തുമ്പ - കേരളത്തിന്റെ ക്രൈസിസ് മാന്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തില്‍. ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സചിന്‍ ബേബിയുടെ അജയ്യ സെഞ്ചുറി (110 നോട്ടൗട്ട്) കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാലിന് 265 ലാണ് കേരളം. പതിമൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി പൂര്‍ത്തിയാക്കിയ സചിനൊപ്പം അക്ഷയ് ചന്ദ്രനാണ് (76 നോട്ടൗട്ട്) ക്രീസില്‍. നാലിന് 112 ലാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്.
ഒരു സിക്‌സറും 10 ഹബൗണ്ടറിയുമായാണ് സചിന്‍ സെഞ്ചുറിയിലെത്തിയത്. അക്ഷയ് ഇതുവരെ ഏഴു തവണ ബൗണ്ടറി കടത്തി. കേരളത്തിന് രോഹന്‍ കുന്നുമ്മലിനെ (19) ഏഴാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. സൂരജ് സിന്ധു ജയ്‌സ്വാളാണ് പുറത്താക്കിയത്. പകരം വന്ന രോഹന്‍ പ്രേമിനെ (3) നിലയുറപ്പിക്കാന്‍ ആകാശ്ദീപ് അനുവദിച്ചില്ല. രണ്ടിന് 40 ല്‍ ടീം പതറുമ്പോഴാണ് സചിന്‍ ക്രീസിലെത്തിയത്. ജലജ് സക്‌സേനക്കൊപ്പം (40) ടീമിനെ കരയകയറ്റിയെങ്കിലും ജലജും ക്യാപ്റ്റന്‍ സഞ്ജു സാംസണും (8) തുടരെ പുറത്തായി. ജലജിനെ അങ്കിത് മിശ്രയും സഞ്ജുവിനെ ശഹ്ബാസ് അഹമ്മദും പുറത്താക്കി.
ഈ സീസണില്‍ പലതവണ കേരളത്തിന്റെ മധ്യനിര തകര്‍ന്നപ്പോഴും സചിന്‍ ബേബിയാണ് ടീമിനെ കരകയറ്റിയത്. അസമിനെതിരെയും സെഞ്ചുറിയടിച്ചിരുന്നു.