മുംബൈ - ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം തിരുത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവിലിയേഴ്‌സ്. കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. താരം വിദേശത്താണെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ അടിയന്തര കാര്യമെന്നല്ലാതെ മറ്റു വിശദാംശങ്ങളൊന്നും കോലിയുടെ വിട്ടുനില്‍ക്കലിന് കാരണമായി ബി.സി.സി.ഐ വെളിപ്പെടുത്തിയിരുന്നില്ല. സ്വകാര്യത മാനിക്കണമെന്നും പരാമര്‍ശമുണ്ടായിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനിന്ന കോലി തുടര്‍ന്നുള്ള ടെസ്റ്റുകളിലും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെയാണ് അനുഷ്‌ക രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ കോലിയുടെ സഹതാരമായിരുന്ന ഡിവിലിയേഴ്‌സ് വെളിപ്പെടുത്തിയത്. കോലിക്ക് പ്രശ്‌നമില്ലെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണെന്നും രണ്ടാമത്തെ കുഞ്ഞ് ആസന്നമാണെന്നുമായിരുന്നു തന്റെ യുട്യൂബ് ചാനലില്‍ ഡിവിലിയേഴ്‌സ് പറഞ്ഞത്. കോലി വിട്ടുനിന്നതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. എന്നാല്‍ ആ വാര്‍ത്ത ശരിയല്ലെന്നും താന്‍ വലിയ അപരാധമാണ് ചെയ്തതെന്നും ഡിവിലിയേഴ്‌സ് വിശദീകരിച്ചു.