പാരിസ് - ഈഫല്‍ ഗോപുരത്തില്‍ നിന്ന് പലപ്പോഴായി അടര്‍ന്നുവീണതും അടര്‍ത്തി മാറ്റിയതുമായ ലോകഹക്കഷണങ്ങള്‍ പാരിസ് ഒളിംപക്‌സ് മെഡലുകളുടെ ഭാഗമായി മാറും. ലോകപ്രശസ്ത ആഭരണ ഡിസൈന്‍ കമ്പനി ഷോമെയാണ് രൂപകല്‍പന ചെയ്യുന്നതെങ്കിലും ആക്രിയാണ് മെഡലിന്റെ അടിസ്ഥാനം.
ഒളിംപിക് മെഡലുകള്‍ പലപ്പോഴും ആക്രികള്‍ റീസൈക്കിള്‍ ചെയ്താണ് നിര്‍മിക്കുന്നത്. 2021 ല്‍ ടോക്കിയൊ ഒളിംപിക്‌സിനുള്ള മെഡലുകള്‍ നിര്‍മിച്ചത് അതിനു മുമ്പുള്ള രണ്ട് വര്‍ഷം ഉപേക്ഷിച്ച ഇലക്ട്രോണിക്‌സ് പാര്‍ടുകള്‍ റീസൈക്കിള്‍ ചെയ്താണ്. 80,000 ടണ്‍ ആക്രികളാണ് ശേഖരിച്ചത്. അതില്‍ 62 ലക്ഷത്തോളം മൊബൈല്‍ ഫോണുകളുടെയും ഡിജിറ്റല്‍ കാമറകളുടെയും ലാപ്‌ടോപുകളുടെയും അവശിഷ്ടങ്ങളുണ്ടായിരുന്നു.
2016 ല്‍ റിയോ ഒളിംപിക്‌സിലെ മെഡലുകള്‍ നിര്‍മിച്ചത് ഉപേക്ഷിച്ച കണ്ണാടികളും എക്‌സ്‌റേ പ്ലേറ്റുകളും റീസൈക്കിള്‍ ചെയ്താണ്. ആഭരണമായി ഉപയോഗിക്കുന്ന പാറക്കല്ലുകളില്‍ നിന്ന് ഡ്രാഗണിന്റെ ശൈലിയിലാണ് 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ മെഡലുകള്‍ തയാറാക്കിയത്.
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഗെയിംസ് ലോഗൊ മെഡലുകളില്‍ പതിച്ചിരുന്നു. 2004 ലെ ആതന്‍സ് ഒളിംപിക്‌സില്‍ ഗ്രീക്ക് കവി പിന്‍ഡാര്‍ 460 ബി.സിയില്‍ എഴുതിയ പോരാട്ട കവിതയുടെ വരികള്‍ മെഡലിലുണ്ടായിരുന്നു.