Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അര്‍ജന്റീനയെയും ഞെട്ടിച്ച് പാരഗ്വായ് പാരിസിലേക്ക്

കരാക്കാസ് -ലാറ്റിനമേരിക്കയിലെ ഒളിംപിക് യോഗ്യതാ ഫുട്‌ബോളില്‍ പാരഗ്വായ് കുതിപ്പ് തുടരുന്നു. നാല് ടീമുകള്‍ പങ്കെടുക്കുന്ന അവസാന റൗണ്ടിലെ ഒന്നാമത്തെ കളിയില്‍ ബ്രസീലിനെ ഞെട്ടിച്ച പാരഗ്വായ് രണ്ടാമത്തെ കളിയില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചു. ആറ് ഗോള്‍ ത്രില്ലറില്‍ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിലെ ഗോളിലാണ് അര്‍ജന്റീന 3-3 സമനില നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് വെനിസ്വേലയോട് കണക്കുതീര്‍ത്ത് ബ്രസീല്‍ പ്രതീക്ഷ നിലനിര്‍ത്തി (2-1). പാരഗ്വായ് നാല് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ബ്രസീലിന് മൂന്ന് പോയന്റുണ്ട്. അര്‍ജന്റീനക്ക് രണ്ടും വെനിസ്വേലക്ക് ഒന്നും പോയന്റാണ്. കൂടുതല്‍ പോയന്റ് കിട്ടുന്ന രണ്ടു ടീമുകളാണ് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുക. ബ്രസീലാണ് നിലവിലെ ഒളിംപിക് ചാമ്പ്യന്മാര്‍. അര്‍ജന്റീന കഴിഞ്ഞ ഒളിംപിക്‌സില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.
ബ്രസീലിനെ ആദ്യ മത്സരത്തില്‍ 1-0 ന് തോല്‍പിച്ച പാരഗ്വായ് തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയെങ്കിലും അര്‍ജന്റീനക്കെതിരെ അതിശക്തമായി തിരിച്ചുവന്നു. മൂന്നാം മിനിറ്റില്‍ പാബ്‌ലൊ സൊളാരിയാണ് അര്‍ജന്റീനക്ക് ലീഡ് സമ്മാനിച്ചത്. ഇന്റര്‍ മയാമിയില്‍ ലിയണല്‍ മെസ്സിക്കൊപ്പം കളിക്കുന്ന ഡിയേഗൊ ഗോമസ് 42ാം മിനിറ്റില്‍ ഗോള്‍ മടക്കി. 70ാം മിനിറ്റില്‍ അലന്‍ നൂനസിലൂടെ പാരഗ്വായ് മുന്നിലെത്തി. അതോടെ കളി ആവേശകരമായി. തിയാഗൊ അല്‍മേഡയുടെ 84ാം മിനിറ്റിലെ പെനാല്‍ട്ടി സ്‌കോര്‍ തുല്യമാക്കി. ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ എന്‍സൊ ഗോണ്‍സാലസിലൂടെ പാരഗ്വായ് വീണ്ടും മുന്നിലെത്തി. എന്നാല്‍ ഫെഡറിക്കൊ റൊഡാന്‍ഡൊ മൂന്നാം ഗോളടിക്കുകയും അര്‍ജന്റീനയുടെ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. 
വെനിസ്വേലക്കെതിരെ 88ാം മിനിറ്റില്‍ ഗ്വിയര്‍മൊ ബിറോയാണ് ബ്രസീലിന്റെ വിജയ ഗോളടച്ചത്. മൗറിസിയോയിലൂടെ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും ബൊളിവര്‍ ഗോള്‍ മടക്കിയിരുന്നു. മൂന്നു ഗോളും രണ്ടാം പകുതിയിലാണ്. 
അര്‍ജന്റീനയും ബ്രസീലും തമ്മിലാണ് അവസാന റൗണ്ട് മത്സരം. അര്‍ജന്റീനക്ക് ജയം തന്നെ വേണം. വെനിസ്വേലയെ പാരഗ്വായ് നേരിടും.
 

Latest News