സാഫ് അണ്ടര്‍ 19 ഫൈനലില്‍ കുഴപ്പം; ഇന്ത്യയും ബംഗ്ലാദേശും സംയുക്ത ചാമ്പ്യന്മാര്‍

ധാക്ക- ബംഗ്ലാദേശ് തലസ്ഥാനത്ത്  നടന്ന അണ്ടര്‍ 19 വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍  ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ മത്സരം വിവാദമായിയ ഒടുവില്‍ ഇരുടീമുകളേയും ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.
കളി നിശ്ചിത സമയത്ത് 1-1 ന് സമനിലയായിരുന്നു. മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ സബാനിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് കരസ്ഥമാക്കി. ഒരു ഗോളിന്റെ ലീഡുമായി കളി രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോഴാണ് ബംഗ്ലാദേശിന്റെ മറുപടി ഗോളടിച്ചത്.  
അധിക സമയത്തും തുല്യത പാലിച്ചതോടെ കളി പെനാല്‍റ്റിയിലേക്ക് നീങ്ങി. ടൈ ബ്രേക്കറിലും സമനില തന്നെയായിരുന്നു. ഇരുടീമിലെയും ഗോള്‍കീപ്പര്‍ ഉള്‍പ്പെടെ 11 കളിക്കാരും ഗോള്‍ കണ്ടെത്തി. തുടര്‍ന്നും ടൈ ബ്രേക്കറില്‍ തുടരണമായിരുന്നെങ്കിലും റഫറി ഉടന്‍ തന്നെ ടോസ് വിളിക്കുകയായിരുന്നു.

ടോസ് ഇന്ത്യക്ക് ലഭിക്കുകയും ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിജയമാഘോഷിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് താരങ്ങള്‍ പ്രതിഷേധം തുടങ്ങി. ഗ്യാലറിയില്‍ കാണികളും പ്രതിഷേധിച്ചു.  ആരാധകര്‍ കുപ്പികള്‍ മൈതാനത്തേക്ക് എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നേരത്തെ ടോസ് തീരുമാനമെടുത്ത മാച്ച് കമ്മീഷണര്‍ വിധി മാറ്റി ഇന്ത്യയെയും ബംഗ്ലാദേശിനെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു. ഈ തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ വിവാദങ്ങള്‍ അവസാനിച്ചു.

 

Latest News