ബെനോനി - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ കലാശക്കളി കഷ്ടിച്ച് ഒഴിവായി. ആവേശകരമായ രണ്ടാം സെമിഫൈനലില്‍ പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ അഞ്ച് പന്ത് ശേഷിക്കെ ഒരു വിക്കറ്റിന് ജയിച്ചു. മുഹമ്മദ് സീഷന്റെ പന്ത് റാഫ് മക്മില്ലന്റെ ബാറ്റില്‍ തട്ടി സ്റ്റമ്പിന് കൊണ്ടു കൊണ്ടില്ലെന്ന മട്ടില്‍ ബൗണ്ടറിയായതോടെയാണ് ഓസ്‌ട്രേലിയ ലക്ഷ്യം കടന്നത്. സ്‌കോര്‍; പാക്കിസ്ഥാന്‍ 48.5 ഓവറില്‍ 179, ഓസ്‌ട്രേലിയ 49.1 ഓവറില്‍ ഒമ്പതിന് 181.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുമായാണ് ഞായറാഴ്ച ഓസ്‌ട്രേലിയ ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്ത്യക്ക് ഇത് ഒമ്പതാമത്തെ ഫൈനലാണ്. അഞ്ചു തവണ ചാമ്പ്യന്മാരായി. പതിനഞ്ചുകാരന്‍ അലി റാസയുടെ മിന്നുന്ന ബൗളിംഗ് (10-2-34-4) പാക്കിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചിരുന്നു. ഉജ്വല ഓള്‍റൗണ്ട് പ്രകടനത്തോടെ അറഫാത്ത് മിന്‍ഹാസും ഓസ്‌ട്രേലിയയെ വിറപ്പിച്ചു. ഇന്ത്യയെ പോലെ അജയ്യരായി മുന്നേറിയ ടീമുകളായിരുന്നു പാക്കിസ്ഥാനും ഓസ്‌ട്രേലിയയും.
പാക്കിസ്ഥാനെ 48.5 ഓവറില്‍ 179 ന് എറിഞ്ഞിടുകയും വിക്കറ്റ് പോവാതെ 33 റണ്‍സിലെത്തുകയും ചെയ്തതോടെ ഓസ്‌ട്രേലിയയുടെ അനായാസ വിജയമാണ് പ്രതീക്ഷിച്ചത്. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. 26.3 ഓവറില്‍ അഞ്ചിന് 102 ലേക്ക് ഓസീസ് തകര്‍ന്നു. പക്ഷെ ഒലിവര്‍ പീക്കും (75 പന്തില്‍ 49) ടോം കാംബെലും (42 പന്തില്‍ 25) ആറാം വിക്കറ്റിലെ 44 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസ്‌ട്രേലിയയുടെ വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ ടോമിനെ അറഫാത്ത് മിന്‍ഹാസ് (10-1-20-2) ബൗള്‍ഡാക്കി. ഒലിവറിനെ പതിനഞ്ചുകാരന്‍ അലി റാസയുടെ (10-1-34-3) ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ സഅദ് ബെയ്ഗ് പിടിച്ചു. 164 ലെത്തിയപ്പോള് ഒമ്പതാം വിക്കറ്റും നഷ്ടപ്പെട്ടതോടെ ഓസ്‌ട്രേലിയ പരാജയം ഉറപ്പിച്ചെങ്കിലും കാലം വൈല്‍ഡ്‌ലറും (2 നോട്ടൗട്ട്) റാഫ് മാക്മില്ലനും (29 പന്തില്‍ 19 നോട്ടൗട്ട്) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ അസാന്‍ അവയ്‌സും (91 പന്തില്‍ 52) മിന്‍ഹാസുമാണ് (52) പാക്കിസ്ഥാന്‍ സ്‌കോറില്‍ സിംഹഭാഗവും അടിച്ചെടുത്തത്. ഇവരെക്കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍ ശാമില്‍ ഹുസൈന്‍ (23 പന്തില്‍ 17) മാത്രം. 24 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ടോം സ്‌ട്രെയ്ക്കറാണ് (9.5-1-24-6) പാക്കിസ്ഥാന്റെ അന്തകനായത്.