- ഫോർ മൈ ലവ് ഞാനും ഞാനുമെന്റാളും
ദോഹ- പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും തന്റെ ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിക്കാത്ത പ്രവാസികൾക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് റേഡിയോ മലയാളം ഖത്തർ. അർഹരായ ഏതാനും പേർക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തർ കാണാനും അവസരമൊരുക്കുന്ന ഫോർ മൈ ലവ് ഞാനും ഞാനുമെന്റാളും നാലാം സീസണിന്റെ ഭാഗമായി ഇത്തവണ 13 പേർ ഖത്തറിലെത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ ജനകീയ റേഡിയോ, റേഡിയോ മലയാളം 98.6 എഫ്.എം മുൻകയ്യെടുത്ത് എല്ലാ വർഷവും നടത്തുന്ന 'ഫോർ മൈ ലവ്' നാലാം സീസണിൽ, ശ്രോതാക്കൾ തെരഞ്ഞെടുക്കുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ ഭാര്യമാർ ഈ വരുന്ന മാർച്ചിൽ ഒരാഴ്ചക്കാലത്തേക്ക് തങ്ങളുടെ ഭർത്താക്കൻമാരോടൊത്ത് ഖത്തറിൽ ഒത്തുചേരും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് നാലാം തവണയാണ് 'ഫോർ മൈ ലവ് ഞാനും ഞാനുമെന്റാളും' എന്ന ശീർഷകത്തിൽ റേഡിയോ ഈ സാമൂഹ്യ സേവന പരിപാടി സംഘടിപ്പിക്കുന്നത്.
25 വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദേശം ചെയ്യുന്ന 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുക. മാർച്ച് 1 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് പ്രമുഖർ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കൽ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നൽകുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
2018ലും 2019ലും 2023ലും യഥാക്രമം പത്ത്, 11, 12 ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടർച്ചയായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ റേഡിയോ മലയാളം ഡയറക്ടർ, സി.ഇ.ഒ അൻവർ ഹുസൈൻ, ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ദോഹയിലെ സാതർ റസ്റ്റോറന്റിൽ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ക്യു.എഫ്.എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ.സി. അബ്ദുല്ലത്തീഫ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ അബ്ദുസമദ്, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഫൈസൽ സഫ്വാൻ, സബീൽ, സമീർ ആദം തുടങ്ങിയവർ പങ്കെടുത്തു.






