ബാഴ്‌സലോണ - മാനഭംഗക്കേസില്‍ ഒരു വര്‍ഷമായി സ്‌പെയിനിലെ ജയിലില്‍ കഴിയുന്ന മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വേസ് മൂന്ന് ദിവസമായി നടന്ന വിചാരണയില്‍ കുറ്റം നിഷേധിച്ചു. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കിരീടം നേടിയ കളിക്കാരിലൊരാളാണ് വിംഗ് ബാക്കായ ആല്‍വേസ്. താന്‍ അത്തരക്കരനല്ലെന്ന് ആല്‍വേസ് വാദിച്ചു.
2022 ഡിസംബര്‍ 31 ന് പുലര്‍ച്ചെ ബാഴ്‌സലോണയിലെ നൈറ്റ് ക്ലബ്ബിലെ ബാത്ത് റൂമില്‍ ആല്‍വേസ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ താനും യുവതിയും പരസ്പര സമ്മതത്തോടെയാണ് ഇടപെട്ടതെന്ന് ആല്‍വേസ് വാദിച്ചു. ആല്‍വേസിനൊപ്പം ഡാന്‍സ് ചെയ്യുകയും പരസ്പര സമ്മതത്തോടെ ബാത്ത് റൂമില്‍ പ്രവേശിക്കുകയും ചെയ്തതായി യുവതി സമ്മതിച്ചു. ഡാന്‍സിനിടെ ഗുഹ്യഭാഗത്ത് ആല്‍വേസ് സ്പര്‍ശിച്ചിരുന്നു. ഓറല്‍ സെക്‌സിന് സന്നദ്ധമാവുകയും ചെയ്തു. എന്നാല്‍ പിന്നീട് താന്‍ മുറി വിട്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ അനുവദിച്ചില്ലെന്നാണ് പരാതി. മര്‍ദ്ദിക്കുകയും അപമാനിക്കുകയും സമ്മതമില്ലാതെ ലൈംഗികബന്ധത്തിന് അടിപ്പെടുത്തുകയും ചെയ്തു. ആല്‍വേസ് ആരോപണം നിഷേധിച്ചു.
ലൈംഗികബന്ധം ഇരുവരും ആസ്വദിക്കുകയായിരുന്നുവെന്നും യുവതി ഒരിക്കലും നിര്‍ത്താന്‍ അഭ്യര്‍ഥിക്കുകയോ മുറി വിടാന്‍ അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ആല്‍വേസ് പറഞ്ഞു. നാല്‍പതുകരനായ ആല്‍വേസിനെ കൈയാമം വെച്ചാണ് കോടതി മുറിയിലെത്തിച്ചത്. അമ്മ കോടതിയിലുണ്ടായിരുന്നു. സംഭവത്തിനു ശേഷം വീട്ടിലെത്തിയപ്പോള്‍ ആല്‍വേസിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഭാര്യ മൊഴി നല്‍കി. യുവതിയുടെ മൊഴി രഹസ്യമായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം യുവതിയുടേതെന്ന് പറഞ്ഞ് വീഡിയോകള്‍ പ്രചരിച്ചിരുന്നു. യുവതി വല്ലാതെ ഭയപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് സംഭവസമയത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കി. പണത്തിനു വേണ്ടിയല്ല നീതിക്കു വേണ്ടിയാണ് അവര്‍ പൊരുതുന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. യുവതിക്ക് മാനസികാഘാതമുണ്ടായതായി സൈക്കോളജിസ്റ്റും മൊഴി നല്‍കി. എന്നാല്‍ ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബാത്ത് റൂമില്‍ പോയതെന്നും തിരിച്ചുവന്നപ്പോള്‍ യുവതിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നും ആല്‍വേസിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഒമ്പത് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
യുവതിയുമായി ലൈംഗികബന്ധമേ ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം ആല്‍വേസ് പറഞ്ഞത്. പിന്നീട് പരസ്പരസമ്മതത്തോടെയാണെന്ന് തിരുത്തി. തന്റെ വിവാഹബന്ധം സംരക്ഷിക്കാന്‍ വേണ്ടിയാണ് കള്ളം പറഞ്ഞതെന്നും വാദിച്ചു.
ബാഴ്‌സലോണ, പി.എസ്.ജി തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്ക് കളിച്ച ആല്‍വേസ് ബ്രസീലിനൊപ്പം രണ്ട് കോപ അമേരിക്ക, ഒളിംപിക് കിരീടങ്ങള്‍ നേടിയിരുന്നു. ബാഴ്‌സലോണക്കടുത്ത് ആല്‍വേസിന് വസതിയുണ്ട്.