ആബിദ്ജാന്‍ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളില്‍ ആതിഥേയ രാജ്യമായ ഐവറികോസ്റ്റ് ഫൈനലിലെത്തിയത് വിശ്വസിക്കാനാവാതെ ഫുട്‌ബോള്‍ പ്രേമികള്‍. ഇത് ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന കരുതുന്നവര്‍ ഏറെ. നൈജീരിയയുമായി ആതിഥേയര്‍ കിരീടത്തിനായി പോരാടും. സെബാസ്റ്റിയന്‍ ഹാളറുടെ ഗോളില്‍ കോംഗോയെ 1-0 ന് ഐവറികോസ്റ്റ് കീഴടക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗ്വിനിയോട് 0-4 ന് തകര്‍ന്നപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരായി പോലും നോക്കൗട്ടില്‍ കടന്നുകൂടാനാവില്ലെന്നാണ് കരുതിയത്. കോച്ചിനെ അവര്‍ പുറത്താക്കി. എന്നാല്‍ മറ്റു ഫലങ്ങളുടെ കാരുണ്യത്തില്‍ ഐവറികോസ്റ്റ് പ്രി ക്വാര്‍ട്ടറിലെത്തി. പ്രി ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ സെനഗാല്‍ തുടക്കത്തില്‍ തന്നെ ഗോളടിച്ചെങ്കിലും ഐവറികോസ്റ്റ് തിരിച്ചുവരികയും ഷൂട്ടൗട്ടില്‍ ജയിക്കുകയും ചെയ്തു. ക്വാര്‍ട്ടറില്‍ മാലിക്കെതിരെയും നാടകീയ വിജയം ആവര്‍ത്തിച്ചു. രണ്ടാം പകുതിയും എക്‌സ്ട്രാ ടൈമും പത്തു പേരുമായി കളിച്ച ഐവറികോസ്റ്റ് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍ കണ്ടെത്തി. ക്വാര്‍ട്ടറില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട നാലു കളിക്കാരില്ലാതെയാണ് ഐവറികോസ്റ്റ് സെമി കളിച്ചത്.
മുസലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും മൃഗാരാധകരുമൊക്കെ സഹിഷ്ണുതയോടെ ജീവിക്കുന്ന രാജ്യമാണ് ഐവറികോസ്റ്റ്. മത്സരങ്ങളുടെ ഇടവേളകളില്‍ സമൂഹപ്രാര്‍ഥന പതിവാണ്.