മഡ്രീഡ് - ഹോം ഗ്രൗണ്ടിലെ അജയ്യമായ 28 മത്സരങ്ങള്‍ക്കൊടുവില്‍ അത്‌ലറ്റിക്കൊ മഡ്രീഡ് അടിയറവ് പറഞ്ഞു. കോപ ഡെല്‍റേ സെമിഫൈനല്‍ ആദ്യ പാദത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയാണ് അവരുടെ കുതിപ്പ് തടഞ്ഞത്. 1-0 ന് ബില്‍ബാവൊ ജയിച്ചു. ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി അലക്‌സ് ബെരംഗൂര്‍ ലക്ഷ്യത്തിലെത്തിച്ചു. മെട്രോപോളിറ്റാനൊ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോയുടെ അവസാന തോല്‍വി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബാഴ്‌ലോണയോടായിരുന്നു. അതിനു ശേഷം 28 കളികളില്‍ ഇരുപത്താറും ജയിച്ചു, രണ്ടെണ്ണം സമനിലയായി. രണ്ട് സമനിലകളും സ്പാനിഷ് ലീഗില്‍ ഗെറ്റാഫെക്കെതിരെയാായിരുന്നു.
ഇഞ്ചുറി ടൈമില്‍ ആല്‍വരൊ മൊറാറ്റ ഫൗള്‍ ചെയ്യപ്പെട്ടതിന് അത്‌ലറ്റിക്കോക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചിരുന്നു. എന്നാല്‍ മൊറാറ്റ ഓഫ്‌സൈഡാണെന്ന വീഡിയൊ റിവ്യൂയില്‍ തെളിഞ്ഞു. 85ാം മിനിറ്റില്‍ ആഞ്ചല്‍ കൊറിയയുടെ ഷോട്ട് ഗോള്‍ലൈനില്‍ ബില്‍ബാവൊ രക്ഷപ്പെടുത്തി. ബാഴ്‌സലോണയെ തോല്‍പിച്ചാണ് ബില്‍ബാവൊ സെമിയിലേക്ക് മുന്നേറിയത്.