റാഞ്ചി - ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഇശാന്‍ കിഷന്‍ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടരുന്നു. പകരം പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം സ്വകാര്യ പരിശീലനത്തിലാണ് ഇശാന്‍. മാനസികമായി തളര്‍ന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഇശാന്‍. അവസാനമായി കളിച്ചത് നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20യിലാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പാതിവഴിയില്‍ പിന്മാറി.
തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെ കളിച്ചില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വിട്ടുനില്‍ക്കുകയാണ്. അതോടെ കെ.എസ് ഭരതിലേക്ക് തിരിച്ചുപോവേണ്ടി വന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്. ഭരത് ബാറ്റിംഗില്‍ ഇതുവരെ പരാജയമാണ്.
കളിക്കാനുള്ള മാനസികാവസ്ഥയിലേക്ക് വന്നാല്‍ ഇശാന്‍ കിഷന്‍ കളികളില്‍ പങ്കെടുക്കണമെന്നും അതുവഴിയേ സെലക്ടര്‍മാര്‍ക്ക് പരിഗണിക്കാനാവൂ എന്നുമാണ് ദ്രാവിഡിന്റെ നിലപാട്. കഴിഞ്ഞ കുറച്ചു ദിവസമായി ബറോഡയില്‍ ഹാര്‍ദിക് പാണ്ഡ്യക്കും ക്രുനാല്‍ പാണ്ഡ്യക്കുമൊപ്പം പരിശീലനത്തിലാണ് ഇശാന്‍. ഹാര്‍ദിക്കും ഇശാനും അടുത്ത സീസണ്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിക്കുന്നത്. അതിനാല്‍ ഐ.പി.എല്ലിന് വേണ്ടിയാണ് ഇശാന്‍ ഒരുങ്ങുന്നതെന്നാണ് സംശയം.
ഝാര്‍ഖണ്ഡിന്റെ അടുത്ത രഞ്ജി മത്സരം നാളെ ഹരിയാനക്കെതിരെ ജാംഷഡ്പൂരില്‍ ആരംഭിക്കും. അതില്‍ കളിക്കാന്‍ ഇശാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഇശാന്‍ ബി.സി.സി.ഐ കരാര്‍ പട്ടികയിലുള്ള കളിക്കാരനാണ്. കളിച്ചിട്ടില്ലെങ്കില്‍ പോലും വര്‍ഷം ഒരു കോടി രൂപ പ്രതിഫലം ലഭിക്കും.






