ദോഹ - 2007 നു ശേഷം ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ അറബ് ടീമുകള്‍ ഫൈനല്‍ കളിക്കും. ഉടനീളം ആവേശകരകമായ സെമിഫൈനലില്‍ ഇറാന്റെ കുതിപ്പ് അവസാനിപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ ഫൈനലിലേക്ക് മുന്നേറി. 3-2 നാണ് ഖത്തര്‍ ജയിച്ചത്. ജോര്‍ദാനുമായി അവര്‍ ഫൈനലില്‍ ഏറ്റുമുട്ടും. തെക്കന്‍ കൊറിയയെയാണ് ജോര്‍ദാന്‍ 2-0 ന് തോല്‍പിച്ചത്. 2007 ലാണ് അറബ് ടീമുകള്‍ അവസാനം ഫൈനലില്‍ ഏറ്റുമുട്ടിയത്. സൗദി അറേബ്യയെ തോല്‍പിച്ച് ഇറാഖ് ചാമ്പ്യന്മാരായി.
ലീഡ് മാറിമറിഞ്ഞ മത്സരത്തില്‍ എണ്‍പത്തിരണ്ടാം മിനിറ്റില്‍ അല്‍മുഇസ് അലിയാണ് ഖത്തറിന്റെ വിജയ ഗോളടിച്ചത്. നാലാം മിനിറ്റില്‍ മുന്നിലെത്തിയ ഇറാന്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ മുതലാക്കിയില്ല. രണ്ട് ഗോളോടെ ഖത്തര്‍ ലീഡ് പിടിച്ചു. 2-1 ന് അവര്‍ ഇടവേളക്ക് പോയി. രണ്ടാം പകുതിയില്‍ ്അല്‍പം ക്രൂരമായി ഖത്തറിനെതിരെ വിധിച്ച പെനാല്‍ട്ടിയിലൂടെ അലിരിസ ജെഹാന്‍ബക്ഷ് ഇറാനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ഖത്തറിന്റെ ഹീറോ അക്രം അഫീഫിനെ വീഴ്ത്തിയതിന് ഇറാന്റെ ശുജാി ഖാലിദ്‌സാദ ചുവപ്പ് കാര്‍ഡ് കണ്ടു. തൊട്ടുപിന്നാലെ ഇറാന്‍ തുടര്‍ച്ചയായി മൂന്നവസരങ്ങള്‍ പാഴാക്കി. ഇറാന്‍ ആക്രമിക്കുന്നതിനിടെ അവസാന മിനിറ്റില്‍ ഖത്തറും തുറന്ന അവസരം തുലച്ചു. മറുവശത്ത് ജെഹാന്‍ബക്ഷിന്റെ ഷോട്ട് ഖത്തര്‍ പോസ്റ്റിനിടിച്ച് മടങ്ങി.
ഇരു ടീമുകളും നിരന്തരം ആക്രമിച്ചതോടെ ഇരു ഗോള്‍മുഖവും ഏതു സമയവും കുലുങ്ങുമെന്ന സ്ഥിതിയായിരുന്നു. ആദ്യ പകുതിയില്‍ ഖത്തര്‍ 2-1 ന് മുന്നിലെത്തി. നാലാം മിനിറ്റില്‍ തകര്‍പ്പന്‍ ബൈസികിള്‍ കിക്കിലൂടെ സര്‍ദാര്‍ അസ്മൂന്‍ മുന്നിലെത്തിച്ചെങ്കിലും രണ്ട് ഗോള്‍ തിരിച്ചടിച്ച് ഖത്തര്‍ ആധിപത്യം തിരിച്ചുപിടിച്ചു.
ആദ്യ കാല്‍ മണിക്കൂറില്‍ കളി ഇറാന്റെ കൈയിലായിരുന്നു. അസ്മൂനിലൂടെ ലീഡ് പിടിച്ച അവര്‍ നിരന്തരം ഖത്തര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. പതിനാറാം മിനിറ്റില്‍ പ്രതിരോധ നിര കീഴടക്കി ഗോളിലേക്ക് കുതിച്ച മെഹ്ദി തെരീമിയില്‍ നിന്ന് ഡിഫന്റര്‍ അവസാന സെക്കന്റില്‍ പന്തടിച്ചകറ്റി.
ഇറാന്‍ പെനാല്‍ട്ടിക്കായി വാദിക്കവെ പന്തുമായി കുതിച്ച ഖത്തര്‍ ഗോള്‍ മടക്കി. അക്രം അഫീഫ് നല്‍കിയ പാസ് ജാസിം ജാബിര്‍ അബ്ദുസ്സലാം വലയിലേക്ക് തൊടുത്തുവിട്ടത് ഡിഫന്ററുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് വലയില്‍ കയറി. 43ാം മിനിറ്റില്‍ അഫീഫ് നേടിയ ഗോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായിരുന്നു. ഇടതു വിംഗിലൂടെ ബോക്‌സിലേക്ക് കുതിച്ച് നാല് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ അഫീഫ് പായിച്ച വെടിയുണ്ട തടുക്കാന്‍ ഗോളി ബെയ്‌രന്‍വന്തിന് സാധിച്ചില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം ഇറാന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇറാന്‍ മൂന്നു തവണ ചാമ്പ്യന്മാരായിരുന്നു. എന്നാല്‍ ഏറ്റവും അവസാനം കിരീടം നേടിയത് 1976 ലാണ്. പിന്നീട് അവര്‍ക്ക് ഫൈനലില്‍ പോലും എത്താന്‍ സാധിച്ചിരുന്നില്ല.






