മുംബൈ - സചിന്‍ എന്ന പേര് കേട്ടാലറിയാം മാതാപിതാക്കളുടെ ക്രിക്കറ്റ് പ്രേമം. സചിന്‍ ദാസിന് ആ പേരിട്ടത് സചിന്റെ ആരാധകനായ അച്ഛന് സഞ്ജയാണ്, മഹാരാഷ്ട്ര പോലീസില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ അമ്മ സുരേഖക്ക് മകന്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍നിന്ന് വിജയത്തിലേക്ക് നയിച്ച് സചിന്‍ ദാസ് ആ പരിഭവം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
ബീഡിലെ വീടിന്റെ മുറ്റത്ത് പിതാവ് നിര്‍മിച്ചു കൊടുത്ത 11 വാര ട്രാക്കില്‍ ക്രിക്കറ്റ് അഭ്യസിച്ചാണ് പത്തൊമ്പതുകാരന്‍ വളര്‍ന്നത്. കോച്ച് ശെയ്ഖ് അസ്ഹറാണ് സചിന്റെ കഴിവ് മിനുക്കിയെടുത്തത്. പേര് സചിന്‍ എന്നാണെങ്കിലും വിരാട് കോലിയാണ് സചിന്റെ ഇഷ്ട താരം. ദക്ഷിണാഫ്രിക്കക്കെതിരെ നാലിന് 32 ല്‍ ടീം പതറുമ്പോള്‍ ക്രീസിലെത്തിയ സചിന്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് കാണിച്ചത്. മറുവശത്ത് ക്യാപ്റ്റന്‍ ഉദയ് സഹാരന്‍ നങ്കൂരമിട്ടു നില്‍ക്കെ സചിന്‍ പ്രത്യാക്രമണം അഴിച്ചുവിട്ടു. നാല് റണ്‍സ് അരികെ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി നഷ്ടപ്പെട്ടെങ്കിലും ടീമിനെ വിജയതീരത്തടുപ്പിക്കാന്‍ സചിന് സാധിച്ചു.
വിജയസാധ്യത മാറിമറിഞ്ഞ സെമിഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലുറപ്പിച്ചത്. ഒരോവര്‍ ശേഷിക്കെ രണ്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഓസ്‌ട്രേലിയയോ പാക്കിസ്ഥാനോ ആയിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ദക്ഷിണാഫ്രിക്കയുടെ ഏഴിന് 244 പിന്തുടര്‍ന്ന ഇന്ത്യ 11 ഓവറാവുമ്പോഴേക്കും നാലു വിക്കറ്റിന് 32 ലേക്ക് തകര്‍ന്നിരുന്നു. സചിന്‍ ദാസും (95 പന്തില്‍ 96) ക്യാപ്റ്റന്‍ ഉദയ് സഹാരനും (124 പന്തില്‍ 81) തമ്മിലുള്ള 171 റണ്‍സിന്റെ അത്യുജ്വല കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. അഞ്ചിന് 203 ല്‍ കളി ഇന്ത്യയുടെ കൈയിലായിരുന്നു. എട്ടോവറില്‍ 42 റണ്‍സ് മതിയായിരുന്നു. എന്നാല്‍ സെഞ്ചുറിക്കരികെ സചിന്‍ പുറത്തായ ശേഷം ആരവല്ലി അവനീഷിനെയും (10) മുരുഗന്‍ അഭിഷേകിനെയും (0) ഇന്ത്യക്ക് നഷ്ടപ്പെട്ടു. വിജയ റണ്ണിനോടവെ സഹാരനും പുറത്തായി. എന്നാല്‍ നേരത്തെ ഇന്ത്യന്‍ ബൗളിംഗിന് ചുക്കാന്‍ പിടിച്ച രാജ് ലിംബാനി സിക്‌സറും ബൗണ്ടറിയും വഴി ഇന്ത്യയെ ലക്ഷ്യം കടത്തി (4 പന്തില്‍ 13 നോട്ടൗട്ട്).
പതിനൊന്നോവറില്‍ 32 റണ്‍സെടുക്കുമ്പോഴേക്കും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ മുശീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തായിരുന്നു. ആദ്യ പന്തില്‍ തന്നെ ഓപണര്‍ ആദര്‍ശ് സിംഗിനെ ക്വേന എംഫാകയുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ ലുഹാന്‍ ദ്രെ പ്രിറ്റോറിയസ് പിടിച്ചു. പകരം വന്ന മുശീറിനെയും (4) അര്‍ശിന്‍ കുല്‍ക്കര്‍ണിയെയും (12) ട്രിസ്റ്റന്‍ ലൂസിന്റെ ബൗളിംഗില്‍ രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ യുവാന്‍ ജെയിംസ് കീശയിലാക്കി. പ്രിയാന്‍ഷു മോളിയയെ ലൂസിന്റെ തന്നെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. പിന്നീട് ഉദയ് ഒരറ്റത്ത് നങ്കൂരമിട്ടപ്പോള്‍ ഒരു സിക്‌സറും 11 ബൗണ്ടറിയുമായി സചിന്‍ കടന്നാക്രമിച്ചു. സെഞ്ചുറിക്ക് നാല് റണ്‍സ് മാത്രം ശേഷിക്കെ എക്‌സ്ട്രാ കവറില്‍ അനായാസ ക്യാച്ച നല്‍കിയാണ് സചിന്‍ പുറത്തായത്.
പ്രിറ്റോറിയസിന്റെയും (102 പന്തില്‍ 76) റിച്ചാഡ് സെലറ്റ്‌സാവാനെയുടെയും (100 പന്തില്‍ 64) അര്‍ധ സെഞ്ചുറികളാണ് ആതിഥേയരെ ഏഴിന് 244 ലെത്തിച്ചത്. അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക 81 റണ്‍സടിച്ചു. രാജ് ലിംബാനി മൂന്നും (9-0-60-3) മുശീര്‍ ഖാന്‍ (10-1-43-2) രണ്ടും വിക്കറ്റെടുത്തു. മുരുഗന്‍ അഭിഷേകും (4-0-14-0) മോളിയയും (7-1-25-0) സൗമ്യ പാണ്ഡെയും (10-0-38-1) മധ്യ ഓവറുകളില്‍ പിടിമുറുക്കി. പിന്നീട് ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ട്രിസ്റ്റന്‍ ലൂസ് 12 പന്തില്‍ 23 റണ്‍സ് നേടി.