ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമി ഫൈനല്‍ ആവേശകരമായി മുന്നേറുന്നു. ഇരു ടീമുകളും നിരന്തരം ആക്രമിച്ചതോടെ ഇരു ഗോള്‍മുഖവും ഏതു സമയവും കുലുങ്ങുമെന്ന സ്ഥിതിയായിരുന്നു. ആദ്യ പകുതിയില്‍ ഖത്തര്‍ 2-1 ന് മുന്നിലെത്തി. നാലാം മിനിറ്റില്‍ തകര്‍പ്പന്‍ ബൈസികിള്‍ കിക്കിലൂടെ സര്‍ദാര്‍ അസ്മൂന്‍ മുന്നിലെത്തിച്ചെങ്കിലും രണ്ട് ഗോള്‍ തിരിച്ചടിച്ച് ഖത്തര്‍ ആധിപത്യം തിരിച്ചുപിടിച്ചു.
ആദ്യ കാല്‍ മണിക്കൂറില്‍ കളി ഇറാന്റെ കൈയിലായിരുന്നു. അസ്മൂനിലൂടെ ലീഡ് പിടിച്ച അവര്‍ നിരന്തരം ഖത്തര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി. പതിനാറാം മിനിറ്റില്‍ പ്രതിരോധ നിര കീഴടക്കി ഗോളിലേക്ക് കുതിച്ച മെഹ്ദി തെരീമിയില്‍ നിന്ന് ഡിഫന്റര്‍ അവസാന സെക്കന്റില്‍ പന്തടിച്ചകറ്റി.
ഇറാന്‍ പെനാല്‍ട്ടിക്കായി വാദിക്കവെ പന്തുമായി കുതിച്ച ഖത്തര്‍ ഗോള്‍ മടക്കി. അക്രം അഫീഫ് നല്‍കിയ പാസ് ജാസിം ജാബിര്‍ അബ്ദുസ്സലാം വലയിലേക്ക് തൊടുത്തുവിട്ടത് ഡിഫന്ററുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് വലയില്‍ കയറി. 43ാം മിനിറ്റില്‍ അഫീഫ് നേടിയ ഗോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായിരുന്നു. ഇടതു വിംഗിലൂടെ ബോക്‌സിലേക്ക് കുതിച്ച് നാല് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ അഫീഫ് പായിച്ച വെടിയുണ്ട തടുക്കാന്‍ ഗോളി ബെയ്‌രന്‍വന്തിന് സാധിച്ചില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം ഇറാന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇറാന്‍ മൂന്നു തവണ ചാമ്പ്യന്മാരായിരുന്നു. എന്നാല്‍ ഏറ്റവും അവസാനം കിരീടം നേടിയത് 1976 ലാണ്. പിന്നീട് അവര്‍ക്ക് ഫൈനലില്‍ പോലും എത്താന്‍ സാധിച്ചിരുന്നില്ല.