കയ്‌റൊ - റെക്കോര്‍ഡ് തവണ ഈജിപ്തിന് വേണ്ടി ഗോളടിച്ച ഹുസാം ഹസനെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി നിയമിച്ചു. ആഫ്രിക്കന്‍ കപ്പില്‍ ഒരു കളി പോലും ജയിക്കാനാവാതിരുന്ന ഈജിപ്ത് പോര്‍ചുഗീസുകാരനായ പരിശീലകന്‍ റൂയി വിറ്റോറിയോയെ പുറത്താക്കിയിരുന്നു.
ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനിടെ പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിലേക്ക് മടങ്ങിയതിനെ നിശിതമായി വിമര്‍ശിച്ചയാളാണ് ഹുസാം. ഈജിപ്തിന്റെ രണ്ടാം മത്സരത്തില്‍ പേശിവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടി സലാഹ് ക്ലബ്ബിലേക്ക് മടങ്ങിയത്. ഇത് ഈജിപ്തില്‍ വന്‍ വിമര്‍ശനത്തിന് കാരണമായി. സലാഹ് ഈജിപ്ത് ടീമിനൊപ്പം തുടരുകയും ഒപ്പമുള്ള സ്റ്റാഫിന്റെ മെഡിക്കല്‍ സേവനം സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കളിക്കാര്‍ക്ക് അത് മാനസിക പിന്തുണയാവുമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഏറ്റവും രൂക്ഷമായ വിമര്‍ശനമുന്നയിച്ചത് ഹുസാം ഹസനായിരുന്നു.
സലാഹിന് പോവണമെങ്കില്‍ പോവാം, ഈജിപ്ത് ടീമിലേക്ക് തിരിച്ചുവരരുത്. പരിക്ക് അത്ര ഗുരുതരമൊന്നുമല്ല. ഫിസിയോതെറാപ്പിസ്റ്റുകള്‍ ഈജിപ്ത് ടീമിനൊപ്പവുമുണ്ട്. പേശിവേദന ചികിത്സിക്കാന്‍ ലിവര്‍പൂളിലെ വലിയ സൗകര്യങ്ങള്‍ വേണമെന്നില്ല. അല്ലെങ്കിലും വലിയ ക്ലബ്ബുകള്‍ കളിക്കാര്‍ക്കൊപ്പം ഇതുപോലുള്ള ടൂര്‍ണമെന്റുകളില്‍ ഡോക്ടര്‍മാരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും അയക്കാറുണ്ട്. സലാഹ് ആവശ്യപ്പെട്ടാലും അവര്‍ വരും. സലാഹ് ടീമിനൊപ്പം തുടരുന്നത് കളിക്കാര്‍ക്ക് ആത്മവീര്യം നല്‍കും. ഞാനായിരുന്നു കോച്ചെങ്കില്‍ സലാഹിനെ ലിവര്‍പൂളിലേക്ക് വിടില്ലായിരുന്നു. സലാഹ് നല്ല വ്യക്തിയാണ്. ഈജിപ്തിന് വേണ്ടി ഒരുപാട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ ചില മര്യാദകളുണ്ട്. പരിക്കേറ്റാലും ടീമിനൊപ്പം തുടര്‍ന്ന് പിന്തുണ നല്‍കുകയെന്നതാണ് അതിലൊന്ന് -ഹുസാം അന്ന് പറഞ്ഞു.