യൂറോപ്പിലെ മികച്ച താരമായി ലൂക്കാ മോഡ്രിച്ച്

മൊണാക്കൊ- പോയവര്‍ഷത്തെ യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്‌ബോള്‍ താരമായി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ലോക കപ്പില്‍ ക്രൊയേഷ്യന്‍ ടീമിനെ ഫൈനലില്‍ വരെ എത്തിച്ച നായകനായ മോഡ്രിച്ച് റയല്‍ മാഡ്രിഡിനു വേണ്ടി കളിച്ചാണ് യുറോപ്പിലെ മികച്ച താരമായത്. റയലില്‍ മോഡ്രിച്ചിന്റെ സഹതാരമായിരുന്ന, ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്കു കൂടുമാറിയ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും താരമായി മാറിയ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. അന്റോയിന്‍ ഗ്രീസ്മന്‍, ലയണല്‍ മെസ്സി, കിലയന്‍ എംബാപെ, കെവിന്‍ ഡിബ്രൂയ്‌നെ, റഫേല്‍ വരാന്‍, ഏഡന്‍ ഹസാഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം മികച്ച 10 താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

മികച്ച മിഡ്ഫീല്‍ഡര്‍ പുരസ്‌ക്കാരവും തുടര്‍ച്ചയായി രണ്ടാമതും മോഡ്രിച് തന്നെ സ്വന്തമാക്കി. മികച്ച സ്‌ട്രൈക്കര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ്. മികച്ച ഡിഫന്‍ഡര്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനാണ്. റയല്‍ താരം കെയ്‌ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറാം തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തു ടീമുകളുടെ കോച്ചുമാരും ക്ഷണിക്കപ്പെട്ട സ്‌പോര്‍ട്‌സ്‌ ജേണലിസ്റ്റുകളുമാണ് വോട്ടിംഗില്‍ പങ്കെടുത്തത്. 

Latest News