ദുബായ് - ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ തന്നെ ആര്‍. അശ്വിനെ മറികടന്ന് ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കപില്‍ദേവ് 1979 ഡിസംബര്‍ മുതല്‍ 1980 ഫെബ്രുവരി വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നതാണ് ഇതുവരെ ഐ.സി.സി റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ പെയ്‌സ്ബൗളറുടെ മികച്ച നേട്ടം. സഹീര്‍ ഖാന്‍ 2010 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബുംറയുടെ ഇതുവരെയുള്ള മികച്ച റാങ്കിംഗ് മൂന്നാം സ്ഥാനമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബുംറ പുതിയ റാങ്കിംഗില്‍ മൂന്നു സ്ഥാനം മുന്നോട്ടുകയറി.
വിശാഖപട്ടണം ടെസ്റ്റില്‍ ബുംറ ഒമ്പത് വിക്കറ്റ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും. 34 ടെസ്റ്റില്‍ പത്താം തവണ ബുംറ അഞ്ചോ അധികമോ വിക്കറ്റ് നേടി. 150 ടെസ്റ്റ് വിക്കറ്റില്‍ ഏറ്റവും വേഗത്തിലെത്തുന്ന ഇന്ത്യന്‍ ബൗളറായി.
ഇരുവശത്തേക്കുമുള്ള റിവേഴ്‌സ് സ്വിംഗിന്റെ മായാജാലത്തിലൂടെ ജോ റൂട്ടിനെ സ്ലിപ് ഫീല്‍ഡറുടെ കൈയിലെത്തിക്കുകയും ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിക്കുകയും ചെയ്തു ബുംറ. പരമ്പരയില്‍ 15 വിക്കറ്റായി ബുംറക്ക്.
ടെസ്റ്റ് ബാറ്റിംഗില്‍ കെയ്ന്‍ വില്യംസനാണ് (ന്യൂസിലാന്റ്) ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍ 37 സ്ഥാനം മുന്നോട്ടുകയറി. ഇപ്പോള്‍ 29ാം സ്ഥാനത്താണ്.