Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സഹായമായി ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ദോഹ - ഖത്തറിലെ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), മെഷാഫിലെ കിംസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക്  സഹായമായി. ഐ.സി.ബി.എഫ് സംഘടിപ്പിച്ച 47ാമത് സൗജന്യ മെഡിക്കൽ ക്യാമ്പിൽ മത്സ്യത്തൊഴിലാളികളുൾപ്പെടെ ഏതാണ്ട് മുന്നോറോളം പേർ സൗജന്യ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് കോർഡിനേറ്റിംഗ് ഓഫീസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും സന്നിഹിതനായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശരിയായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അംബാസഡർ, ഐ.സി.ബി.എഫിന്റെ ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ഇന്ത്യൻ എംബസിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പിൽ പങ്കെടുത്തവരുമായി സംവദിക്കുവാനും, അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുവാനും അദ്ദേഹം സമയം കണ്ടെത്തി.

ഐ. സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. 
കിംസ് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി ഉൾപ്പടെ നിരവധി കമ്മ്യൂണിറ്റി നേതാക്കളും, അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ട്രഷറർ കുൽദീപ് കൗർ നന്ദിയും പറഞ്ഞു.

ഐ. സി. ബി. എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡിന്റെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപ്പെടുത്തിയത് വിവിധ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സഹായകരമായിരുന്നു.

കിംസ് ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേറ്റർ ഡോ. രാഹുൽ മുനികൃഷ്ണ, ഐ.സി. ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, അബ്ദുൽ റൗഫ്, സറീന അഹദ് തുടങ്ങിയവരും വിവിധ സംഘടനാ വോളണ്ടിയർമാരും ക്യാമ്പിന് നേത്രത്വം നൽകി.
ജനറൽ മെഡിസിൻ, ഇ.എൻ.ടി, കാർഡിയോളജി, ഡെന്റൽ, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും കൂടാതെ രോഗികൾക്കാവശ്യമായ മരുന്നുകളും സൗജന്യമായി നൽകിയത് സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമായി.
 

Latest News