മുംബൈ - ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നില്ല. രോഹിതും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധം വഷളായി എന്നു സൂചിപ്പിക്കുന്നതാണ് ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍.
രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത് വിശദീകരിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ച് മാര്‍ക്ക് ബൗച്ചര്‍ നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. ബൗച്ചറുടെ വീഡിയോക്കു താഴെ ഇപ്പറയുന്നതൊന്നുമല്ല ശരി എന്ന് ഒറ്റ വാക്കില്‍ രോഹിതിന്റെ ഭാര്യ റിതിക സജദ പ്രതികരിച്ചു.
രോഹിതിന്റെ ഭാരം ലഘൂകരിക്കാനും ഐ.പി.എല്ലിലെ അവസാന വര്‍ഷങ്ങള്‍ ആസ്വാദ്യകരമാക്കാനുമാണ് ഓപണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് ബൗച്ചറുടെ വിശദീകരണം. കഴിഞ്ഞ ഏതാനും സീസണുകളില്‍ രോഹിതിന്റെ ബാറ്റിംഗ് അത്ര മികച്ചതല്ല. എങ്കിലും നല്ല ക്യാപ്റ്റനായിരുന്നു. പക്ഷെ എപ്പോഴും രോഹിത് വെള്ളിവെളിച്ചത്തിലാണ്. തിരക്കാണ്. ആ തിരക്ക് കുറക്കാന്‍ എന്താണ് ചെയ്യാനാവുകയെന്ന് മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പുമായി ആലോചിച്ചാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. കളിക്കാരനെന്ന നിലയില്‍ ഇപ്പോഴും രോഹിതിനെ ടീമിന് വേണം. ക്യാപ്റ്റന്‍സിയുടെ പൊലിമയില്ലാതെ രോഹിത് കളി ആസ്വദിക്കണം. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഇനിയും വെള്ളിവെളിച്ചത്തിലായിരിക്കും. ഐ.പി.എല്ലിലെങ്കിലും ആ സമ്മര്‍ദ്ദം കുറക്കണം. അതുവഴി രോഹിതിന് മികച്ച പ്രകടനം നടത്താനായേക്കും -ബൗച്ചര്‍ പറഞ്ഞു.
എന്നാല്‍ ഇതൊന്നുമല്ല ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള യഥാര്‍ഥ കാരണം എന്നാണ് റിതികയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. എന്തായാലും ഹാര്‍ദിക്കിനെ സംബന്ധിച്ചിടത്തോളം സുഖകരമായിരിക്കില്ല ക്യാപ്റ്റന്‍ സ്ഥാനം.