ന്യൂദല്‍ഹി - ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മത്സരങ്ങളില്‍ കേരളത്തെ പൂര്‍ണമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവഗണിക്കുന്നു. ഖത്തറിനെതിരായ ഇന്ത്യയുടെ ആദ്യ ഹോം മത്സരം നടന്നത് ഭുവനേശ്വറിലായിരുന്നു. കുവൈത്തിനെതിരായ രണ്ടാം മത്സരത്തിന് ഹൈദരാബാദിനെയാണ് തെരഞ്ഞെടുത്തത്. കേരളത്തോളം ഫുട്‌ബോളിന് ആരാധകരുള്ള പ്രദേശങ്ങളല്ല ഇപ്പോള്‍ ഹൈദരാബാദും ഭുവനേശ്വറും. കുവൈത്തിനെതിരായ കളി ആവേശകരമായിരിക്കും. കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ ഇന്ത്യ 1-0 ന് തോല്‍പിച്ചിരുന്നു. എന്നാല്‍ ഖത്തറിനോട് ഭുവനേശ്വറില്‍ 0-3 ന് തോറ്റു.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് കുവൈത്തിനെതിരായ മത്സരം തെലങ്കാന ഫുട്‌ബോള്‍ അസോസിയേഷന്‍ നേടിയെടുത്തത്. ജൂണ്‍ ആറിനാണ് മത്സരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി മുന്‍ ഫുട്‌ബോളറാണ്. മത്സരം തെലങ്കാനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായിരിക്കുമെന്ന തെലങ്കാന ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. കെ.ടി മഹി പറഞ്ഞു.