സചിന് സെഞ്ചുറി നഷ്ടം, ഇന്ത്യ ഫൈനലിലേക്ക്

ബെനോനി -അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചക്കു ശേഷം ഇന്ത്യ തിരിച്ചുവരുന്നു. സചിന്‍ ദാസും (95 പന്തില്‍ 96) ക്യാപ്റ്റന്‍ ഉദയ് സഹാരനും (110 പന്തില്‍ 69 നോട്ടൗട്ട്) തമ്മിലുള്ള 171 റണ്‍സിന്റെ അത്യുജ്വല കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഏഴിന് 244 പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്മാര്‍ പതിനൊന്നോവറില്‍ നാലിന് 32 ലേക്ക് തകര്‍ന്നിരുന്നു. ആറോവര്‍ ശേഷിക്കെ ഇന്ത്യക്ക് 34 റണ്‍സ് മതി ജയിക്കാന്‍. അഞ്ച് വിക്കറ്റിന് 212 ലെത്തി. ഉദയ് ഒരറ്റത്ത് നങ്കൂരമിട്ടപ്പോള്‍ ഒരു സിക്‌സറും 11 ബൗണ്ടറിയുമായി സചിന്‍ കടന്നാക്രമിക്കുകയായിരുന്നു. സെഞ്ചുറിക്ക് നാല് റണ്‍സ് മാത്രം ശേഷിക്കെ എക്‌സ്ട്രാ കവറില്‍ അനായാസ ക്യാച്ച നല്‍കിയാണ് സചിന്‍ പുറത്തായത്. 
പതിനൊന്നോവറില്‍ 32 റണ്‍സെടുക്കുമ്പോഴേക്കും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ മുശീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപണര്‍ ആദര്‍ശ് സിംഗിനെ നഷ്ടപ്പെട്ടു. ക്വേന എംഫാകയുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ ലുഹാന്‍ ദ്രെ പ്രിറ്റോറിയസ് പിടിച്ചു. പകരം വന്ന മുശീറിനെയും (4) അര്‍ശിന്‍ കുല്‍ക്കര്‍ണിയെയും (12) ട്രിസ്റ്റന്‍ ലൂസിന്റെ ബൗളിംഗില്‍ രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ യുവാന്‍ ജെയിംസ് കീശയിലാക്കി. പ്രിയാന്‍ഷു മോളിയയെ ലൂസിന്റെ തന്നെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. 
നേരത്തെ പ്രിറ്റോറിയസിന്റെയും (102 പന്തില്‍ 76) റിച്ചാഡ് സെലറ്റ്‌സാവാനെയുടെയും (100 പന്തില്‍ 64) അര്‍ധ സെഞ്ചുറികളാണ് ആതിഥേയരെ ഏഴിന് 244 ലെത്തിച്ചത്. അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക 81 റണ്‍സടിച്ചു. രാജ് ലിംബാനി മൂന്നും (9-0-60-3) മുശീര്‍ ഖാന്‍ (10-1-43-2) രണ്ടും വിക്കറ്റെടുത്തു. മുരുഗന്‍ അഭിഷേകും (4-0-14-0) മോളിയയും (7-1-25-0) സൗമ്യ പാണ്ഡെയും (10-0-38-1) മധ്യ ഓവറുകളില്‍ പിടിമുറുക്കി. പിന്നീട് ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ട്രിസ്റ്റന്‍ ലൂസ് 12 പന്തില്‍ 23 റണ്‍സ് നേടി.
 

Latest News