ഇറ്റാനഗര്‍ - സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിനായി അരുണാചല്‍പ്രദേശില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ന്യൂദല്‍ഹിയില്‍ നിന്ന്് ട്രോഫി സ്വീകരിച്ച അരുണാചല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇറ്റാനഗറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കിരീടം പ്രദര്‍ശിപ്പിച്ചു. 1941 ലെ ആദ്യ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഉപോയഗിച്ച അതേ ട്രോഫി തന്നെയാണ് ഇപ്പോഴും വിജയികള്‍ക്ക് സമ്മാനിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയും ആതിഥേയരായ അരുണാചല്‍പ്രദേശും പ്രാഥമിക ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ കേരളമുള്‍പ്പെടെ ടീമുകളുമാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുക. ആകെ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും.
ഈ മാസം 21 ന് ഗോള്‍ഡന്‍ ജൂബിലി ഔട്ട്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ റൗണ്ടിന് തുടക്കമാവും. അരുണാചല്‍പ്രദേശും ഗോവയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യമായി ഫഌഡ്‌ലൈറ്റിലായിരിക്കും മത്സരങ്ങള്‍. പരിശീലനത്തിനായി മൂന്ന്് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും.
ടൂര്‍ണെന്റിനായി ആതിഥേയ ടീം വലിയ ഒരുക്കമാണ് നടത്തിയത്. സംസ്ഥാനത്തെമ്പാടുമായി നടത്തിയ ട്രയല്‍സില്‍ നിന്ന് 200 കളിക്കാരെ കണ്ടെത്തി. പിന്നീട് അത് 48 കളിക്കാരിലേക്ക് ചുരുക്കി. അവരില്‍ നിന്ന് തെരഞ്ഞെടുത്ത 22 കളിക്കാര്‍ മുന്‍നിര കോച്ചുമാരുടെ കീഴില്‍ തീവ്രപരിശീലനത്തിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്.