കുവൈത്തില്‍ വിസിറ്റ് വിസ ഇന്നു മുതല്‍ വീണ്ടും

കുവൈത്ത് സിറ്റി - ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കുവൈത്തില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് വീണ്ടും വിസിറ്റ് വിസ അനുവദിക്കുന്നു. പുതിയ വ്യവസ്ഥകള്‍ക്കനുസൃതമായി ഇന്നു  മുതല്‍ വിസിറ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂണിലാണ് കുവൈത്ത് വിസിറ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ഇന്നു മുതല്‍ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വിസിറ്റ് വിസാ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അപേക്ഷകര്‍ മതാ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.


പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഫാമിലി വിസിറ്റ് വിസ അനുവദിക്കും. ഇതിന് വിസാ അപേക്ഷകനായ രക്ഷകര്‍ത്താവിന്റെ വേതനം 400 കുവൈത്തി ദീനാറില്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മറ്റു ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ അനുവദിക്കാന്‍ രക്ഷകര്‍ത്താവിന്റെ വേതനം 800 കുവൈത്തി ദീനാറില്‍ കുറവാകാന്‍ പാടില്ല. വിസിറ്റ് വിസ അനുവദിക്കാന്‍ കുവൈത്തി വിമാന കമ്പനികളുടെ റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നും വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ ആവശ്യപ്പെടില്ല എന്നതിന് രേഖാമൂലം ഉറപ്പു നല്‍കണമെന്നും വ്യവസ്ഥയുണ്ട്. വിസിറ്റ് വിസയിലെത്തുന്നവരുടെ ചികിത്സ സ്വകാര്യ ആശുപത്രികളിലായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. സന്ദര്‍ശകന്‍ വിസാ കാലയളവ് ലംഘിക്കുന്ന പക്ഷം സന്ദര്‍ശകനെയും സ്‌പോണ്‍സറെയും സുരക്ഷാ നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പെടുത്തും. ഇവരെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ നിരീക്ഷിച്ച് പിടികൂടി നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

കുവൈത്തി കമ്പനികളോ സ്ഥാപനങ്ങളോ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വാണിജ്യ സന്ദര്‍ശന വിസയും അനുവദിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലക്ക് അനുയോജ്യമായ യൂനിവേഴ്‌സിറ്റി ബിരുദധാരികള്‍ക്കാണ് വാണിജ്യ സന്ദര്‍ശന വിസ അനുവദിക്കുക. 53 രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസയും അനുവദിക്കും. ഇവര്‍ക്ക് ഓണ്‍-അറൈവല്‍ വിസയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇ-വിസയോ നേടാന്‍ സാധിക്കും. വാണിജ്യ, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളില്‍ ഉണര്‍വുണ്ടാക്കാന്‍ ലക്ഷ്യമിട്ടും സാമൂഹിക വശങ്ങള്‍ കണക്കിലെടുത്തുമാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

 

 

Latest News