കരാക്കാസ് (വെനിസ്വേല) - നിലവിലെ ഒളിംപിക് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ബ്രസീലിനെ ലാറ്റിനമേരിക്കന്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ പാരഗ്വായ് അട്ടിമറിച്ചു. അര്‍ജന്റീനയെ വെനിസ്വേല സമനിലയില്‍ തളച്ചു. ലാറ്റിനമേരിക്കയിലെ അവസാന റൗണ്ടില്‍ നാല് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ രണ്ട് ടീമുകള്‍ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടും.
ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പാരഗ്വായ് കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫാബ്രിസിയൊ പെറാള്‍ടയുടെ ഹെഡറാണ് കളിയുടെ വിധിയെഴുതിയത്. പാരഗ്വായ് അവസാനം ഒളിംപിക്‌സ് ഫുട്‌ബോളില്‍ മത്സരിച്ചത് 2004 ലാണ്. ഈ വര്‍ഷാവസാനം റയല്‍ മഡ്രീഡില്‍ ചേരുന്ന ടീനേജ് സെന്‍സേഷന്‍ എന്‍ഡ്രിക് ബ്രസീലിന് 29ാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി പാഴാക്കി.
അര്‍ജന്റീനക്കെതിരെ ഇഞ്ചുറി ടൈം പെനാല്‍ട്ടിയിലൂടെയാണ് വെനിസ്വേല 2-2 സമനില നേടിയത്. മുന്‍ അര്‍ജന്റീനാ നായകന്‍ ഹവിയര്‍ മഷെരാനൊ പരിശീലിപ്പിക്കുന്ന ടീം ഒമ്പതു പേരുമായാണ് കളിയവസാനിപ്പിച്ചത്. വാലന്റീന്‍ ബാര്‍കോയും ഗോണ്‍സാലൊ ലുജാനും ചുവപ്പ് കാര്‍ഡ് കണ്ടു. വെനിസ്വേലയുടെ ബ്രയാന്റ് ഒര്‍ടേഗക്കും ചുവപ്പ് കിട്ടി.
ബ്രസീലിന്റെ അടുത്ത മത്സരം വെനിസ്വേലയുമായാണ്. ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിനെ 3-1 ന് തോല്‍പിച്ച ടീമാണ് വെനിസ്വേല. പാരഗ്വായുടെ അടുത്ത കളി അര്‍ജന്റീനയുമായാണ്.