മൂന്നാം ഏകദിനം ഓസീസ് ജയിച്ചു, 6.5 ഓവറില്‍

കാന്‍ബെറ - വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഓസ്‌ട്രേലിയ ജയിച്ചത് വെറും 6.5 ഓവറില്‍. റെക്കോര്‍ഡായ 259 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച അവര്‍ മൂന്നു മത്സര പരമ്പര തൂത്തുവാരി. 48 റണ്‍സിനാണ് വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടത്. പരിചയസമ്പത്തില്ലാത്ത ബൗളര്‍മാരാണ് ഓസീസിന് വേണ്ടി പന്തെറിഞ്ഞത് എന്നതാണ് എടുത്തു പറയേണ്ട വസ്തുത. 
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 24 ഓവറില്‍ 86 ന് ഓളൗട്ടായി. ഓപണര്‍ അലിക് അതനാസെയാണ് (32) സിംഹഭാഗവും സ്‌കോര്‍ ചെയ്തത്. കാസി കാര്‍ടിയും (10) റോസ്റ്റണ്‍ ചെയ്‌സുമാണ് (12) രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. മൂന്നു പേര്‍ അക്കൗണ്ട് തുറന്നില്ല. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഏകദിനമാണ് ഇത്. ഇന്നിംഗ്‌സ് ഇടവേളയുള്‍പ്പെടെ മൂന്നു മണിക്കൂറില്‍ കളി കഴിഞ്ഞു. 
രണ്ടാമത്തെ ഏകദിനം കളിക്കുന്ന രണ്ടു പേര്‍ ആറു വിക്കറ്റ് പങ്കുവെച്ചു, സേവിയര്‍ ബാര്‍ട്‌ലറ്റ് നാലും ലാന്‍സ് മോറിസ് രണ്ടും. ബാര്‍ട്‌ലറ്റ് അരങ്ങേറ്റ മത്സരത്തിലും നാലു വിക്കറ്റെടുത്തിരുന്നു. മൂന്നാമത്തെ ഏകദിനം കളിക്കുന്ന ഇരുപത്തൊന്നുകാരന്‍ ഓപണര്‍ ജാക്ക് ഫ്രെയ്‌സര്‍ മഗ്കുര്‍ക്കാണ് (18 പന്തില്‍ 41) ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. വിന്‍ഡീസ് ബൗളര്‍ മാത്യു ഫോഡ് രണ്ടോവറില്‍ 40 റണ്‍്‌സ് വഴങ്ങി. പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്. തുടര്‍ച്ചയായ ഇരുപത്തിരണ്ടാമത്തെ ഏകദിനമാണ് ഓസീസിനെതിരെ വിന്‍ഡീസ് തോല്‍ക്കുന്നത്.
 

Latest News