ന്യൂദല്‍ഹി - മലയാളി ബൈജു രവീന്ദ്രന്റെ വിജയകഥയായിരുന്ന എജുടെക് സ്ഥാപനം ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഫുട്‌ബോളര്‍ ലിയണല്‍ മെസ്സിയുമായുള്ള സ്‌പോണ്‍സര്‍ഷിപ് കരാറില്‍ നിന്ന് ബൈജൂസ് പിന്മാറിയെന്നാണ് ഒടുവിലത്തെ വാര്‍ത്ത. മെസ്സിയെ ആഗോള ബ്രാന്‍ഡ് അംബാസഡറായി 2022 നവംബറിലാണ് കരാറൊപ്പിട്ടത്. എജുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക സേവന പദ്ധതിക്കായി മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആദ്യ വര്‍ഷത്തെ കരാര്‍ തുക നല്‍കിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും സ്‌പോണ്‍സര്‍മാരായിരുന്ന ബൈജൂസ് 2022 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫിഫ പാര്‍ട്ണര്‍മാരിലൊന്നായതോടെയാണ ആഗോളശ്രദ്ധ നേടിയത്.
എല്ലാവരെയും വിജ്ഞാനം ആര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്ന, കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ ജീവിതഗതി മാറ്റിയ ബൈജൂസിന്റെ ദര്‍ശനം തന്റേതുമായി യോജിക്കുന്നുവെന്ന് കരാറൊപ്പിട്ട വേളയില്‍ മെസ്സി പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ച സി.ഇ.ഒ സ്ഥാനത്തു നിന്ന് ബൈജു രവീന്ദ്രനെ നീക്കാന്‍ നിക്ഷേപകരില്‍ ഒരു വിഭാഗം രംഗത്തു വന്നിരുന്നു.