ലണ്ടന്‍ - നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ 2-1 വിജയത്തിനു ശേഷം ആഴ്‌സനല്‍ കോച്ച് മിഖേല്‍ ആര്‍ടേറ്റ നടത്തിയ പരാമര്‍ശത്തിന്റെ അര്‍ഥം തിരയുകയാണ് ഇംഗ്ലിഷ് മാധ്യമങ്ങള്‍. മത്സരത്തിനു ശേഷം ആഴ്‌സനല്‍ കളിക്കാരായ അലക്‌സാണ്ടര്‍ സില്‍ചെങ്കോയും ബെന്‍ വൈറ്റും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇരുവരെയും പിടിച്ചുമാറ്റാന്‍ കോച്ചിംഗ് സ്റ്റാഫിന് ഇടപെടേണ്ടി വരികയും ചെയ്തു. അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് കോച്ച് വിവാദ പരാമര്‍ശം നടത്തിയത്.
കുറച്ചു ദിവസമായി കളിക്കാര്‍ ഒരു വീട്ടിലാണ് താമസമെന്നും ഭാര്യമാരെ വരെ പങ്കുവെക്കുന്നുണ്ടെന്നുമാണ് കോച്ച് പറഞ്ഞത്. അവര്‍ നല്ല സുഹൃത്തുക്കളാണ്. നല്ല ബന്ധമുള്ളവര്‍ തമ്മിലേ വാക്കുതര്‍ക്കം പോലുമുണ്ടാവൂ -കോച്ച് വിശദീകരിച്ചു.
വിശദീകരണം അല്‍പം കൂടിപ്പോയോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൂട്ടുകാര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയതാണ് കോച്ച് എന്ന് ചിലര്‍ കരുതുന്നു. യാഥാര്‍ഥ്യം വെളിപ്പെടുത്തിയതാണെന്ന് മറ്റു ചിലരും. ആര്‍ടേറ്റ പറഞ്ഞതിനെക്കുറിച്ച് രണ്ട് കളിക്കാരും പ്രതികരിച്ചിട്ടില്ല. അവരുടെ ഭാര്യമാര്‍ എങ്ങനെയാണ് ഈ വിശദീകരണം ഉള്‍ക്കൊള്ളുകയെന്നതാണ് ചോദ്യം. സില്‍ചെങ്കോയുടെ ഭാര്യ വ്‌ളാദ മാധ്യമപ്രവര്‍ത്തകയാണ്. ബിരുദധാരിയും മോഡലുമാണ് ബെന്‍ വൈറ്റിന്റെ പത്‌നി.