കറന്‍സി കൊണ്ട് കളിക്കുന്നവനാണ് മല്‍ബു. ഓണ്‍ലൈന്‍ ഗെയിമോ ചൂതാട്ടമോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. റൂംമേറ്റുകളേയും മറ്റു ഫ് ളാറ്റുകളില്‍ താമസിക്കുന്ന കൂട്ടുകാരേയും കൂട്ടിക്കൊണ്ടുള്ള കളിയാണിത്.
ഓഹരിക്കമ്പോളത്തില്‍ കറന്‍സി ട്രേഡ് പയറ്റുന്നവരില്‍ പെടുന്നയാളുമല്ല മല്‍ബു. അതൊക്കെ ടെക്‌നിക്കല്‍സ് ഒക്കെ പഠിച്ചവര്‍ക്ക് പറഞ്ഞ പണിയാണ്. ഓഹരിക്കമ്പോളത്തില്‍ ഇറങ്ങിക്കളിക്കുന്നവര്‍ ഇപ്പോള്‍ പ്രവാസികളില്‍ കുറേയുണ്ട്. അവരെ സൗജന്യമായി പ്രോത്സാഹിപ്പിക്കുന്ന എക്‌സ്‌പേര്‍ട്ടുകള്‍ മാത്രമല്ല, വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. മല്‍ബു ഇതിലൊന്നും പെടുന്നില്ല.
മല്‍ബുവിന്റെ കളി സിമ്പിളാണ്. പക്ഷേ പവര്‍ഫുളുമാണ്. രൂപയുടെ മൂല്യം മാത്രമേ ഈ കളിയില്‍ നോക്കാനുള്ളൂ. വിവിധ ബാങ്കുകള്‍ നല്‍കുന്ന രൂപയുടെ കറന്‍സി റേറ്റ് മലയാളം ന്യൂസ് പതിവായി നല്‍കാറുണ്ടെങ്കിലും വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ അല്‍പം വൈകിയില്‍ മല്‍ബു വിളിച്ചു ചോദിക്കും. ഇന്ത്യയിലെന്താ വീണ്ടും നോട്ട് നിരോധം വല്ലതുമുണ്ടോ എന്നായിരിക്കും ചോദ്യം. നിങ്ങള്‍ വെബ് സൈറ്റില്‍ കറന്‍സി റേറ്റ് കൊടുക്കാത്തതു കൊണ്ട് ചോദിച്ചതാണെന്ന് പിന്നീട് മാത്രമാണ് പറയുക.
മല്‍ബുവിന്റെ ഉറക്കം പോലും കറന്‍സിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കിടക്കണമെങ്കില്‍ പത്ത് മണി കഴിയണം. കാരണം ഏതാണ്ട് പത്ത് മണിയോടെയാണ് പെട്ടി റേറ്റ് വാട്‌സ്ആപ്പില്‍ വന്നു ചാടുക. അതുവരെ എത്തിയില്ലെങ്കില്‍ സ്ഥിരമായി അയക്കുന്നയാളെ വിളിച്ച് ചോദിക്കണം. അയാളെ കിട്ടിയില്ലെങ്കില്‍ അതേ പണി ചെയ്യുന്ന വേറെ ഒരാളെ വിളിക്കണം.
ആപ്പുകള്‍ സര്‍വത്രികമാകുന്നതുവരെ പെട്ടി എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായിരുന്നു. പെട്ടി അയക്കലും പെട്ടി കെട്ടലും. കെട്ടലും അയക്കലുമൊക്കെ ന്യൂജെന്‍ പ്രവാസികള്‍ക്കും അറിയാമെങ്കിലും പെട്ടിയെന്നാല്‍ ഒരു ലക്ഷം രൂപയാണെന്ന കാര്യം അവരുടെ ഇമോജികളിലും കോഡുകളിലും കാണില്ല.
പെട്ടിയുടെ റേറ്റ് എന്നാല്‍ ഒരു ലക്ഷം രൂപ നാട്ടിലെത്തിക്കാന്‍ ഗള്‍ഫില്‍ കൊടുക്കേണ്ട തുകയാണ്. എല്ലാ ഗള്‍ഫ് നാടുകളിലും പെട്ടി പെട്ടി തന്നെയാണ്. യൂറോപ്പിലും ഇപ്പോള്‍ പെട്ടിയുണ്ട്. വീട്ടിലേക്കോ ബാങ്കിലേക്കോ പെട്ടി അയക്കാന്‍ ചെന്നാല്‍ തത്സമയം പണം കിട്ടുന്ന ആപ്പുകളുണ്ടെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നവരുമുണ്ട്. ബാങ്ക് ആപ്പുകളെക്കാള്‍ കൂടുതല്‍ കിട്ടുന്ന ഹവാല ആപ്പ്.
കറന്‍സിയുടെ റേറ്റെടുക്കലും താരതമ്യം ചെയ്യലുമൊക്കെ ആര്‍ക്കും സാധിക്കും. അത് മുതലെടുക്കാന്‍ കഴിയുന്നിടത്താണ് വിജയം. അതാണ് കറന്‍സി കളിയില്‍ മല്‍ബുവിനെ കേമനാക്കിയത്. കേമന്‍ മല്‍ബുവെന്ന് നമുക്ക് പറയാമെങ്കിലും എല്ലാവരും സമ്മതിക്കണമെന്നില്ല. മുഖത്ത് നോക്കി ആരും പറയില്ലെങ്കിലും ഉളുപ്പില്ലാത്തവനെന്ന് ആളുകള്‍ പരസ്പരം പറയും.
രൂപയുടെ മൂല്യം താണാല്‍ അപ്പോള്‍ മല്‍ബു വിളി തുടങ്ങും. കുറച്ചു ദിവസത്തേക്ക് തിരിക്കാമോ..5000 ഇല്ലെങ്കില്‍ 500 എങ്കിലും. ഒരാഴ്ചത്തേക്ക് വേണ്ടതുള്ളൂ. നാട്ടില്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. വീട് നിര്‍മാണം മുതല്‍ ഭാര്യയുടെ അനുജത്തിയുടെ കല്യാണംവരെ മല്‍ബുവിന് ആവശ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും.
അതിനിടയിലാണ് ഒരു എം.കോം ഫസ്റ്റ് ക്ലാസുകാരന്‍ ഫ് ളാറ്റിലെത്തിയത്. ഇതുവരെ ശമ്പളം കിട്ടുന്ന ജോലി ആയില്ലെങ്കിലും പണം എന്തു ചെയ്യണമെന്ന് പഠിപ്പിക്കുന്നതില്‍ മിടുമിടുക്കന്‍. ശമ്പളത്തിന്റെ പകതി സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണമെന്നും അതാണ് നിങ്ങളുടെ ആദ്യത്തെ ചെലവെന്നുമൊക്കെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. കറൻസി കളിയിൽ വിദഗ്ധനായ നമ്മുടെ മല്‍ബുവിനു പാരയായതും ഈ എം.കോംകാരന്‍ തന്നെ.
ആരും ഇനി മല്‍ബുവിന് കടം കൊടുക്കരുതെന്നും ഇനി അഥവാ കൊടുക്കുകയാണെങ്കില്‍ അത് റിയാലില്‍ തന്നെ മടക്കി വാങ്ങണമെന്നുമാണ് ക്ലാസ്. പേനയും കടലാസുമെടുത്ത് മല്‍ബുവിന്റെ കറന്‍സി കളിയുടെ പിന്നാമ്പുറം വരച്ച് പഠിപ്പിക്കുകയും ചെയ്തു. റിയാലായാലും രൂപ ആയാലും കടം വങ്ങി പിന്നീട് രൂപയിൽ മടക്കി നൽകിയാൽ മൽബുവിനു മാത്രമല്ല ആർക്കും ലാഭമാണ്. അതാണത്രെ കറൻസി ചാഞ്ചാട്ടം.
വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം