ആബിദ്ജാന്‍ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു മത്സരം പോലും ജയിക്കാതെ ഈജിപ്ത് പുറത്തായതോടെ കോച്ച് റൂയി വിറ്റോറിയയെ പുറത്താക്കി. റെക്കോര്‍ഡായ ഏഴു തവണ ചാമ്പ്യന്മാരായ ഈജിപ്ത് കഴിഞ്ഞ തവണ ഫൈനലില്‍ ഷൂട്ടൗട്ട് വരെ പൊരുതിയ ടീമാണ്.
ഈജിപ്തിന്റെ മുന്‍ ഡിഫന്റര്‍ കൂടിയായ മുഹമ്മദ് യൂസഫിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ സൗദി അറേബ്യയുടെ പരിശീലകനായിരുന്ന ഹെര്‍വ് റെനോ സ്ഥിരം കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഫ്രാന്‍സിന്റെ വനിതാ ടീം പരിശീലകനാവാനാണ് റെനൊ സൗദി വിട്ടത്. ആ കരാര്‍ കഴിഞ്ഞ ശേഷമായിരിക്കും ഈജിപ്തിന്റെ ചുമതല ഏറ്റെടുക്കുക.
ആതിഥേയരായ ഐവറികോസ്റ്റും താല്‍ക്കാലികമായി ആഫ്രിക്കന്‍ കപ്പില്‍ റെനോയെ കിട്ടാന്‍ ശ്രമിച്ചിരുന്നു. അവരുടെ സ്ഥിരം കോച്ചിനെ പുറത്താക്കിയ ശേഷമായിരുന്നു ഇത്.