മയാമി - 2026 ലെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന ആസ്റ്റെക്ക സ്റ്റേഡിയം ലോകത്തിലെ ഏറ്റവും പ്രശ്‌സ്തമായ കളിക്കളങ്ങളിലൊന്നാണ്. 1970 ല്‍ പെലെയും 16 വര്‍ഷത്തിനു ശേഷം ഡിയേഗൊ മറഡോണയും മാസ്മരികസൗന്ദര്യം ചാലിച്ച ഫുട്‌ബോളിലൂടെ ലോകകപ്പുയര്‍ത്തിയ കളിക്കളമാണ് ഇത്. 1970 ല്‍ ഇറ്റലിയും ജര്‍മനിയും തമ്മിലുള്ള അവിശ്വസനീയ ലോകകപ്പ് മത്സരവും അരങ്ങേറിയത് ഇവിടെയാണ് -ഗെയിം ഓഫ് ദ സെഞ്ചുറി എന്നാണ് അത് അറിയപ്പെടുന്നത്. 1986 ലെ ലോകകപ്പില്‍ മറഡോണ രണ്ട് അവിസ്മരണീയ ഗോളുകള്‍ ഇംഗ്ലണ്ടിനെതിരെ സ്‌കോര്‍ ചെയ്തതും ഈ കളിക്കളത്തിലാണ്.
മൂന്നു തവണ ലോകകപ്പ് നടത്തുന്ന ആദ്യ രാജ്യമാവും മെക്‌സിക്കൊ. 1970 ലും 1986 ലും ഫൈനല്‍ നടത്തിയത് ആസ്റ്റെക്കയിലായിരുന്നു. എന്നാല്‍ ഇത്തവണ ആസ്റ്റെക്കയില്‍ ഫൈനല്‍ ഉണ്ടാവില്ല. ക്വാര്‍ട്ടര്‍ മുതല്‍ എല്ലാ കളികളും അമേരിക്കയിലായിരിക്കും.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഫൈനല്‍ നടക്കും. 2026 ജൂലൈ 19നാണ് ഫൈനല്‍. 48 ടീമുകള്‍ മാറ്റുരക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. മെക്‌സിക്കോയിലെ ആസ്‌ടെക സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഉദ്ഘാടന ചടങ്ങുകളും ഈ സ്‌റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 11നാണ് ഉദ്ഘാടന മത്സരം.